മനോവിഷമം മാറ്റാന്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും മോഹന്‍ലാലിന്റെ വീട്ടിലെത്തി

കൊച്ചി| Joys Joy| Last Modified ശനി, 7 ഫെബ്രുവരി 2015 (08:30 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും നടന്‍ മോഹന്‍ലാലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മോഹന്‍ലാലിന്റെ വീട്ടിലെത്തിയത്. ഇന്നലെ ഗസ്റ്റ് ഹൌസിലുണ്ടായിരുന്ന മുഖ്യമന്ത്രിയും കായികമന്ത്രിയും രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു മോഹന്‍ലാലിനെ കാണാന്‍ തീരുമാനിച്ചത്.

മോഹന്‍ലാലുമായി അടുത്ത ബന്ധമുള്ളവരോ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരോ ഈ കൂടിക്കാഴ്ചയെപ്പറ്റി അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ഒപ്പം ബെന്നി ബഹനാന്‍ എം എല്‍ എയും ഉണ്ടായിരുന്നു.

ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം മാത്രമാണ് കുറച്ച് മോശമായി പോയതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന്, എല്ലാ കാര്യത്തിലും സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സിനിമാലോകം ഇനി ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനം കൈക്കൊള്ളുമെന്ന് ഫെഫ്‌ക പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രിയും കായികമന്ത്രിയും ലാലിനെ കാണാന്‍ പോയത്.

നേരത്തെ, ലാലിസം പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും ചെക്ക് ആയി മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :