മദ്യനയം: സുധീരന് ഉമ്മന്‍‌ചാണ്ടിയുടെ മറുപടി

മദ്യനയം, ഉമ്മന്‍‌ചാണ്ടി, സുധീരന്‍, ബാബു, ബാര്‍, മാണി
തിരുവനന്തപുരം| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (20:03 IST)
മദ്യനയം സംബന്ധിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. സര്‍ക്കാരിന് മുമ്പില്‍ വരുന്ന പ്രായോഗിക പ്രശ്നങ്ങള്‍ കാണാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച എല്ലാക്കാര്യങ്ങളും പരാതികളും യു ഡി എഫിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ പ്രായോഗികമായ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ നയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും കോടതി നീരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങളെന്നും ഉമ്മന്‍‌ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, മദ്യനയത്തില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയതായി തനിക്ക് അറിയില്ലെന്നുമാണ് സുധീരന്‍ പ്രതികരിച്ചത്. സുധീരന്‍റെ ഈ വാക്കുകളോട് പ്രതികരിക്കവേയാണ് പ്രായോഗിക പ്രശ്നങ്ങള്‍ കാണാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മദ്യനിരോധനവും മദ്യവര്‍ജ്ജനവും ചേര്‍ന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെ അനുകൂലിക്കുന്ന പ്രസ്താവനകളും വിമര്‍ശനങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും ബാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷത്തിനകം സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും ഉമ്മന്‍‌ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി പൂര്‍ണമായും നിയന്ത്രണവിധേയമായതായും മുഖ്യമന്ത്രി അറിയിച്ചു. പക്ഷിപ്പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :