‘മാണിയെ പുറത്താക്കണം, പണം നല്‍കിയത് ബിജു രമേശിന്റെ ഡ്രൈവര്‍‘

മദ്യനയം സംബന്ധിച്ച കാര്യത്തില്‍ കോടികള്‍ കൈപ്പറ്റിയ കേസില്‍ ധനമന്ത്രി കെ എം മാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍.   ധനമന്ത്രി കെ എം മാണിക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. സമാനമായ കേസില്‍ ഐഎഎസ്‌ ഉദ്യോഗസ്‌ഥനെതിരേ നടപടിയെടുത്ത സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
 
ധനമന്ത്രി കെഎം മാണിക്ക്‌ പാലായിലെ വീട്ടിലെത്തി പണം നല്‍കിയത്‌ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയാണ്‌. കെഎല്‍ ‍01 ഡി 7878 എന്ന കാറില്‍ പാലായിലെ വീട്ടില്‍ കൊണ്ടുപോയി നല്‍കുകയായിരുന്നെന്നും രണ്ടു ഘട്ടമായിട്ടാണ്‌ നല്‍കിയതെന്നും കോടിയേരി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ 35 ലക്ഷം രൂപ പാലായില്‍ കൊണ്ടുപോയി നല്‍കുകയായിരുന്നു. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും കേസ്‌ റജിസ്‌റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ല. ബാര്‍ ഉടമകളുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞു. പി സി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
 
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ് ആദ്യഗഡു പണം ആദ്യം ഡ്രൈവര്‍ പതിനഞ്ച് ലക്ഷം രൂപയും പിന്നീട് രണ്ടുപേര്‍ 35 ലക്ഷം രൂപയുമാണ് കൈമാറിയത്. 
 
ഇതുസംബന്ധിച്ച ദൃശ്യങ്ങളുടെ സിഡി കോടിയേരി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എന്നാല്‍, സിഡി. മേശപ്പുറത്ത് വയ്ക്കാനാകില്ലെന്ന് സഭാനടപടികള്‍ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ റൂളിംഗ് നല്‍കി. സി ഡി സഭയുടെ മേശപ്പുറത്ത് വയ്ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. 
 
 
എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌ എന്ന മറുപടിയാണ്‌ ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നല്‍കിയത്‌. പുരോഗതി കോടതിയെ അറിയിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി വ്യക്‌തമാക്കി. നിയമസഭാ സമ്മേളനം തുടങ്ങിയ ആദ്യ ദിനം തന്നെ വിഷയം സഭയെ പ്രക്ഷുബ്‌ധമാക്കി. 
 
തിരുവനന്തപുരം| Last Updated: തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:09 IST)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :