ബിഷപ്പ് തിരുത്തി, മാണി കോഴ വാങ്ങിയെന്ന് പറഞ്ഞിട്ടില്ല

മാണി, ഉമ്മന്‍‌ചാണ്ടി, കോഴ, മദ്യം, ബാര്‍
കോട്ടയം| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (21:28 IST)
ബാര്‍ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ആഞ്ഞടിച്ച താമരശേരി ബിഷപ്പ് തന്‍റെ പ്രസ്താവന മണിക്കൂറുകള്‍ക്കകം തിരുത്തി. പൂട്ടിയ ബാറുടകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയതായി വിശ്വസിക്കുന്നു എന്ന് ആദ്യം പറഞ്ഞ ബിഷപ്പ് 'മാണി സംശുദ്ധരാഷ്ട്രീയത്തിന്‍റെ ആള്‍‌രൂപ'മെന്ന രീതിയില്‍ പത്രക്കുറിപ്പിറക്കി.

കെ എം മാണി കോഴ വാങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയൂസ് ഇഞ്ചാനാനിയേല്‍ വ്യക്തമാക്കി.

എന്നാല്‍, നിലപാട് മയപ്പെടുത്തിയെങ്കിലും ബിഷപ്പിന്‍റെ തുറന്നടിച്ചുള്ള പ്രസംഗം സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മാണിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ താന്‍ ഇത് വിശ്വസിച്ചിരുന്നില്ല. മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാടുമാറ്റമാണ് തന്നെ ഇങ്ങനെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഈ നിലക്കുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷികള്‍ ദുഖിക്കേണ്ടിവരും - എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്. ആര്‍ത്തി പൂണ്ട ഭരണാധികാരികളുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്രയും ശക്തമായ വിമര്‍ശനമുയര്‍ത്തിയ ശേഷം ആ നിലപാടില്‍ നിന്ന് ബിഷപ്പ് പിന്നാക്കം പോയത് രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :