പിണറായിയുടെ ഭാവി: തീരുമാനമായില്ല

പിണറായി വിജയന്‍, കോടിയേരി, വൈക്കം വിശ്വന്‍, സി പി എം, വി എസ്
തിരുവനന്തപുരം| Last Modified ബുധന്‍, 6 മെയ് 2015 (15:09 IST)
സി പി എം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന് പുതിയ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പിണറായിയെ എല്‍ ഡി എഫ് കണ്‍‌വീനറാക്കണമോ എന്നതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഇതുസംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പി ബിയുടെ ഇടപെടലോടെ മാത്രമേ പിണറായിയുടെ അടുത്ത സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകൂ. വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ പിണറായിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി വി എസ് അനുകൂലികള്‍ ഈ നീക്കത്തെ എതിര്‍ക്കുമെന്നും ഉറപ്പാണ്.

വൈക്കം വിശ്വനെ എല്‍ ഡി എഫ് കണ്‍‌വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച് നേതാക്കളാരും മനസ് തുറന്നിട്ടില്ല. അദ്ദേഹം ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കണ്‍‌വീനറായി തുടരുന്നതില്‍ അപാകതയില്ല. എന്നാല്‍ പിണറായിയെ വൈകാതെ കണ്‍‌വീനര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്കും പുതിയ ആള്‍ വരും. കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി ആയതോടെയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :