അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയുള്ള ചിലരുടെ ബ്ലാക് മെയിലിംഗാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പരോക്ഷമായി ആക്രമിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര് ബാലകൃഷ്ണപിള്ള നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ്.
“അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയുള്ള ചിലരുടെ ബ്ലാക്മെയ്ലിംഗ് ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ലോകമെങ്ങും പടുവൃദ്ധന്മാര് അധികാരത്തില്‍ നിന്ന് പുറത്താവുന്ന കാലമാണിതെന്ന് ഓര്‍ക്കണം” - കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്കി.
ഈജിപ്തിലെ അധികാരക്കൈമാറ്റത്തെ സൂചിപ്പിച്ച് കേരള രാഷ്ട്രീയത്തെ നിര്‍വചിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പ്രതാപം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്നതാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യം വയ്ക്കുന്നത്.
വി എസ് അച്യുതാനന്ദനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിലൂടെ സി പി എമ്മിലെ മറുപക്ഷത്തിന്റെ പിന്തുണ കൂടി ലഭിക്കുമെന്നാണ് യു ഡി എഫ് നേതാക്കള്‍ വിലയിരുത്തുന്നത്. ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയുമെല്ലാം പ്രയോഗിക്കുന്നത് ഇതേ അടവാണ്.