ഐസ്ക്രീം കേസ്‌: പെരുവഴിയില്‍ കയ്യാങ്കളി!

താമരശ്ശേരി| WEBDUNIA|
PRO
കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ‘ഐസ്‌ക്രീം കേസ് വിവാദം’ താമരശ്ശേരിയിലെ പൊതുവഴിയില്‍ കയ്യാങ്കളിക്ക് വഴിവച്ചു. ലീഗ് പ്രവര്‍ത്തകരും സി‌പി‌എം അണികളും തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ‘ഐസ്ക്രീം നായകന്‍’ കുഞ്ഞാലിക്കുട്ടിയെ അടച്ചാക്ഷേപിക്കുന്ന ഫ്ലക്സ് ബോര്‍ഡ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വലിച്ചുകീറിയതാണ് വഴക്കിന് വഴിവച്ചത്.

കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടിലാണ് ‘ഈ ഐസ്ക്രീം കയ്യാങ്കളി’ നടന്നത്. ഫ്ലക്സ് സ്ഥാപിച്ചത് സി‌പി‌എം പ്രവര്‍ത്തകരായിരുന്നു. ബോര്‍ഡ് സ്ഥാപിച്ച് ഇവര്‍ പോയതോടെ മുദ്രാവാക്യം വിളിച്ചെത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഫ്ലക്സ് വലിച്ചുകീറി. മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ പോവുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി‌പി‌എം പ്രവര്‍ത്തകര്‍ ബോര്‍ഡ് നശിപ്പിച്ചവരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

സി‌പി‌എമ്മുകാര്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിക്കപ്പെട്ടതോടെ സ്ഥലത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഫ്ലക്സ്‌ ബോര്‍ഡ്‌ നശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒതുക്കിത്തീര്‍ക്കാന്‍ പോലിസും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ശ്രമിക്കുന്നതിനിടെയാണ്‌ ഞായാറാഴ്ച രാത്രി ഇരു വിഭാഗം പ്രവര്‍ത്തകരും പൊതുവഴിയില്‍ ഏറ്റുമുട്ടിയത്‌. കുഞ്ഞാലിക്കുട്ടിക്ക് ജയ് വിളിച്ചുകൊണ്ടെത്തിയ ലീഗുകാരെ സി‌പി‌എമ്മുകാര്‍ തടയുകയും ഫ്ലക്സ് നശിപ്പിച്ചതിന് സമാധാനം പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്‍‌പസമയത്തിനുള്ളില്‍ വാക്കേറ്റം കയ്യാങ്കളിയായി. പ്രദേശത്ത്‌ കനത്ത പോലിസ്‌ കാവല്‍ തുടരുകയാണ്‌.

കയ്യാങ്കളിയില്‍ ആറുപേര്‍ക്ക്‌ പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീം ലീഗ്‌ പ്രവര്‍ത്തകരായ കെഎം ബഷീര്‍, ടിവി ഹാരിസ്‌, ജമാല്‍ എന്നിവരെയും മൂന്ന്‌ സിപിഎം പ്രവര്‍ത്തകരെയും താമരശ്ശേരി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം ചേര്‍ന്നെത്തിയ ലീഗുകാര്‍ തങ്ങളെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സി‌പി‌എം പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ സി‌പി‌എമ്മുകാര്‍ക്ക് ഒരു പരിക്കുമില്ലെന്നും കേസുണ്ടാക്കാനായിട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെമ്മുമാണ് ലീഗുകാരുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :