നന്ദകുമാറിനെതിരെ അന്വേഷണത്തിന് പോയ സംഘം താജ്‌മഹല്‍ കണ്ട് മടങ്ങി

ന്യൂഡല്‍ഹി| WEBDUNIA|
ടി ജി നന്ദകുമാറിനെതിരെ കേസ് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ സംഘം അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച മടങ്ങിയതായി ആരോപണം. ഡല്‍ഹിയില്‍ എത്തിയ അന്വേഷണ സംഘം താമസിച്ചതും ഷോപ്പിംഗ്‌മാളുകളില്‍ കറങ്ങിയതും നന്ദകുമാറിന്റെ ചെലവിലായിരുന്നുവത്രേ. ആറ് ദിവസം അവിടെ തങ്ങിയ സംഘം താജ്‌മഹലിലേക്ക് ഒരു ഉല്ലാസയാത്രയും നടത്തി. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഡി‌വൈ‌എസ്‌പി പി എം വര്‍ഗീസ്, എ‌എസ്‌ഐമാരായ ടി എസ് ദാസ്, കെ പി മത്തായി എന്നിവരാണ് ഡല്‍ഹിയില്‍ എത്തിയത്. സാധാരണയായി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് എത്തിയാല്‍ കേരള ഹൌസിലാണ് താമസിക്കുക. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ താമസിച്ചത് ഹോട്ടലിലാണ്. ഹോട്ടല്‍ ബില്ലായ 33,000 രൂപ അടച്ചിരിക്കുന്നത് ടിജി‌‌എന്‍ കുമാര്‍ എന്നയാളായിരുന്നു. ഇത് നന്ദകുമാര്‍ ആണെന്ന് ഹോട്ടലിന്റെ റിസപ്ഷനിസ്റ്റ് അറിയിക്കുകയും ചെയ്തു.

നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു സംഘം. അന്വേഷണ സംഘത്തിന്റെ സുഖാന്വേഷണം നടത്തുന്നതിനായി നന്ദകുമാര്‍ നിരവധി തവണ ഹോട്ടലിലെത്തിയതായും ദൃക്‍സാക്ഷികളും പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :