ഞാനാണ് പറയുന്നത്, എഴുതിവച്ചോളൂ - ഈ സര്‍ക്കാര്‍ ഓഗസ്റ്റ് കാണില്ല: പി സി ജോര്‍ജ്

പി സി, പി സി ജോര്‍ജ്, ജോര്‍ജ്ജ്, ഉമ്മന്‍‌ചാണ്ടി, മാണി, ബാര്‍
കോട്ടയം| Last Modified ശനി, 9 മെയ് 2015 (16:30 IST)
എല്ലാ രാഷ്ട്രീയ ഗൂഢാലോചനയിലും പങ്കാളിയാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെന്ന് പി സി ജോര്‍ജ്. യു ഡി എഫ് സര്‍ക്കാരിന് ഈ മഴക്കാ‍ലത്തിനപ്പുറം ആയുസില്ലെന്നും ജോര്‍ജ് പ്രവചിക്കുന്നു.

കലാകൌമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇങ്ങനെ പറയുന്നത്. “എല്ലാ രാഷ്ട്രീയ ഗൂഢാലോചനയിലും പങ്കാളിയാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അദ്ദേഹം അറിയാതെ ഒരു കച്ചവടവും എങ്ങും നടക്കുന്നില്ല. ആരൊക്കെ, എവിടെയൊക്കെ, എത്ര പണം വാങ്ങിയെന്ന് ഉമ്മന്‍‌ചാണ്ടി കൃത്യമായി അറിയുന്നു” - ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

ഉമ്മന്‍‌ചാണ്ടിയുടെ കഴിവിലൊന്നും പി സി ജോര്‍ജിന് എതിരഭിപ്രായമില്ല. “കരുണാകരനെയും ആന്‍റണിയെയും വീഴ്ത്തിയ ഉമ്മന്‍‌ചാണ്ടി ആരെയും വീഴ്ത്താന്‍ പോന്നയാളാണ്. മറ്റാരേക്കാളും ദീനാനുകമ്പയും അദ്ദേഹത്തില്‍ കാണാം. എന്നാല്‍ എ ഗ്രൂപ്പിനെയല്ലാതെ ഒന്നിനെയും ഉമ്മന്‍‌ചാണ്ടി ഹൃദയം കൊണ്ട് സ്നേഹിക്കുന്നില്ല. കെ സി ജോസഫ്, കെ ബാബു, ബെന്നി ബഹനാന്‍ എന്നീ മൂന്നുപേരോടുമാത്രമേ ഉമ്മന്‍‌ചാണ്ടിക്ക് മനസുകൊണ്ട് ഇഷ്ടമുള്ളൂ. ഇവരാണ് അദ്ദേഹത്തിന്‍റെ അടുക്കള കാബിനറ്റ്” - പി സി ജോര്‍ജ് വ്യക്തമാക്കുന്നു.

“പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍‌ചാണ്ടി എന്തൊരു പരാജയമാണ്! വഴിയേ പോകുന്ന പെണ്ണുങ്ങള്‍ ഇതുപോലെ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി നിരങ്ങിയിട്ടുണ്ടോ? എല്ലാം സുതാര്യമാണെന്നാണ് പറയുന്നത്. പക്ഷേ, പിന്നിലെ കുളിമുറിയില്‍ ക്യാമറയില്ല. അവിടെയാണ് കച്ചവടമെല്ലാം. ഹൈക്കമാന്‍ഡ് താന്‍ തന്നെയാണ് എന്നുകരുതുന്ന ഉമ്മന്‍‌ചാണ്ടി പക്ഷേ, കസേരയില്‍ അധികകാലം ഇരിക്കാന്‍ പോകുന്നില്ല. ഈ സര്‍ക്കാരിന് ഈ മഴക്കാലത്തിനപ്പുറം ആയുസില്ല. ജൂലൈയ്ക്കപ്പുറം സര്‍ക്കാര്‍ പോകില്ല. ഞാനാണ് പറയുന്നത്, എഴുതിവച്ചോളൂ” - കലാകൌമുദിക്കുവേണ്ടി അജയ് മുത്താനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി സി ജോര്‍ജ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :