കോടനാട് സംഭവം: കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് കവർച്ചാകേസ് പ്രതി

അപകടമുണ്ടായത് കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയെന്ന് പ്രതി

Kodanad Estate, Jayalalithaa, കൊടനാട്, കൊലപാതകം, ജയലളിത, കവര്‍ച്ച, പൊലീസ്, മരണം, അപകടം
പാലക്കാട്| സജിത്ത്| Last Updated: വെള്ളി, 19 മെയ് 2017 (14:45 IST)
കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് കണ്ണാടി കാഴ്ചപ്പറമ്പിൽ വാഹനാപകടം ഉണ്ടായതെന്നു കൊടനാട് എസ്റ്റേറ്റ് കവർച്ച കേസിലെ രണ്ടാംപ്രതി കെ.വി.സയന്‍. കവര്‍ച്ച, കൊലപാതക്കേസുകളില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് താന്‍ശ്രമിച്ചത്. അതിനിടയിലാണ് അപകടമുണ്ടായതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

സയൻ ഓടിച്ചിരുന്ന കാർ കാഴ്ചപ്പറമ്പിൽ വച്ച് ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറിയാണ് അദ്ദേഹത്തിന്റെ ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ മരിച്ചത്. കോയമ്പത്തൂരിൽ ചികിൽസയില്‍ കഴിയുന്ന ഇയാളുടെ മൊഴി പാലക്കാട് സൗത്ത് പൊലീസാണു രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ വേണ്ടിയാണു വാഹനത്തിന്റെ നമ്പർ മാറ്റി പഴനി വഴി കേരളത്തിലേക്കു കിടന്നത്. ഇതിനിടെ ഉറക്കത്തില്‍പ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നും സയൻ പറഞ്ഞു. അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് കേരള പൊലീസ്.

അതിനിടെ, സ്വകാര്യ ആശുപത്രിയിൽനിന്ന് ഇയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. വൈകാതെ തമിഴ്നാട് പൊലീസ് സയന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ മലയാളി സുഹൃത്തുക്കളും അണ്ണാ ഡിഎംകെ നേതാക്കളുമടക്കം 30 പേർക്കു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാകാൻ നീലഗിരി പൊലീസ് സമൻസ് അയച്ചതായും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :