കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നീക്കം

തിരുവനന്തപുരം| Joys Joy| Last Modified തിങ്കള്‍, 12 ജനുവരി 2015 (11:43 IST)
ഹയര്‍ സെക്കണ്ടറി ഡയറക്‌ടര്‍ ആയിരുന്ന കേശവേന്ദ്രകുമാറിനു മേല്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ നീക്കം. ഇതിനായി പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കല്‍ ഹര്‍ജിയില്‍ അടുത്തമാസം അഞ്ചിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - മൂന്ന് വിധിപറയും.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഐ എ എസ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാനുള്ള തീരുമാനം തെറ്റാണെന്നും കേസ് പിന്‍വലിക്കാന്‍ കെ എസ് യു ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എസ് യു സംസ്ഥാനനേതൃത്വം വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചിരുന്നില്ലെന്ന് കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിയോട് സംസാരിച്ചു. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

2012 ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്‌ടറുടെ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന്, കേശവേന്ദ്രകുമാര്‍ കെ എസ് യു പ്രവര്‍ത്തകരുമായി സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനു മേല്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പടെ എട്ടുപേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങിയത്. സിപ്പി നൂറുദ്ദീനെ കെ എസ് യുവില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :