കന്യാസ്ത്രീകള്‍ക്കു മര്‍ദ്ദനം; ബിഷപ്പിന് സമന്‍സ്

കൊച്ചി| WEBDUNIA|
കന്യാസ്ത്രീകളെ മര്‍ദ്ദിച്ചതിന് ബിഷപ്പ് അടക്കം 16 പേര്‍ക്ക് സമന്‍സ്. അങ്കമാലി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യാത്ത്‌ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി സമന്‍സ്‌ പുറപ്പെടുവിച്ചിരിക്കുന്നത്. ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്‍റിലെ അന്തേവാസികളായ കന്യാസ്‌ത്രികളെ മര്‍ദ്ദിച്ചതിനാണ് സമന്‍സ് അയച്ചിരിക്കുന്നത്. ജോയിന്‍റ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മേയ് ആറിന് ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതാണ് സമന്‍സ്. എന്നാല്‍ വാദിഭാഗം വക്കീലിന്‍റെ അഡ്വാന്‍സ് പെറ്റീഷനെ തുടര്‍ന്ന് ഏപ്രില്‍ 17ന് പരാതി പരിഗണിക്കും. ഞാറയ്ക്കലിലെ സി എം സി കോണ്‍വെന്‍റിന്‍റെ കെട്ടിടത്തില്‍ 1925 ല്‍ ആരംഭിച്ച സ്കൂളിന്‍റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കമാണ് പരാതിക്ക് ആധാരം. തര്‍ക്കത്തെ തുടര്‍ന്ന്‌ സെന്‍റ് മേരീസ്‌ പള്ളി വികാരി ഫാ പോള്‍ കരിയാറ്റിയുടെയും അസി വികാരി ഫാ തോമസ്‌ കിലുക്കന്‍റെയും നേതൃത്വത്തില്‍ കന്യാസ്‌ത്രീകളെ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി.

ഞാറയ്ക്കല്‍ സ്കൂള്‍ ഉടമസ്ഥത സെന്‍റ് മേരീസ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഞാറയ്ക്കല്‍ സ്കൂളില്‍ അവകാശം ഉന്നയിച്ച്‌ കന്യാസ്‌ത്രീകള്‍ സര്‍ക്കാരില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളിന്‍റെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ലിറ്റില്‍ ഫ്ലവര്‍ എഡ്യൂക്കേഷന്‍ ഏജന്‍സി എന്ന കന്യാസ്‌ത്രീകളുടെ സ്ഥാപനത്തിന്‌ തിരികെ നല്കുകയായിരുന്നു. എന്നാല്‍, കന്യാസ്ത്രികള്‍ ഈ പരാതി പിന്‍വലിക്കണമെന്നും ഇല്ലങ്കില്‍ നടപടി ഉണ്ടാവുമെന്നും ബിഷപ്പ് ചക്യാത്ത് പറഞ്ഞിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇക്കാരണത്താലാണ് പൊലീസിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കക്ഷി ചേര്‍ക്കപ്പെടാതിരിന്നിട്ടു കൂടി ബിഷപ്പ് ചക്യാത്തിനെ കോടതി കേസിലെ എട്ടാം പ്രതിയാക്കിയതെന്നും ജോയിന്‍റ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വൈദികരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിസ്റ്റര്‍ റെയ്‌സി റോസിന്‌ 52 ദിവസം ചികിത്സക്ക്‌ വിധേയയാകേണ്ടി വന്നിരുന്നു. സമൂഹത്തിന്‍റെ ദാസരാകാന്‍ നിയോഗിക്കപ്പെട്ട വൈദികരും മെത്രാന്മാരും സമ്പത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടി പരക്കം പായുകയാണെന്നും ഇതിനെതിരെ ക്രൈസ്‌തവ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേസിനെക്കുറിച്ച്‌ വിശദീകരിക്കവേ ജോയിന്‍റ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :