“മെത്രാന്മാരേ, നിങ്ങള്‍ ലൈംഗികപീഡനം നടത്തി”

Pope
വത്തിക്കാന്‍| WEBDUNIA|
PRO
PRO
ലൈംഗികപീഡനം നടത്തിയ മെത്രാന്മാരെയും പുരോഹിതന്മാരെയും ന്യായീകരിക്കാനാണ് അയര്‍ലണ്ടിലെ മെത്രാന്മാര്‍ ശ്രമിച്ചതെന്നും ഇപ്പോഴെങ്കിലും തെറ്റ് സമ്മതിക്കണമെന്നും അയര്‍ലണ്ടിലെ മെത്രാന്മാരോട് വത്തിക്കാന്‍ ആവശ്യപ്പെട്ടു. പുരോഹിതന്മാര്‍ക്കെതിരെ ലൈംഗികപീഡനക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ 24 മെത്രാന്മാരെയും പോപ്പ് ബെനെഡിക്‌ട് വത്തിക്കാനിലേക്ക് വിളിച്ചുവരുത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് പോപ്പ് ബെനഡിക്‌ടും ആറ് കര്‍ദ്ദിനാളന്മാരുമായി അയര്‍ലണ്ടിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച നടക്കാനിരിക്കെ, തിങ്കളാഴ്ച നടന്ന വിശുദ്ധകുര്‍ബാനയുടെ സമയത്താണ് വത്തിക്കാന്‍ അയര്‍ലണ്ടിലെ മെത്രാന്മാരുടെ നിഷ്ക്രിയത്വത്തിനെതിരെ ആദ്യവെടി പൊട്ടിയിരിക്കുന്നത്.

“ജുഗുപ്സാവഹമായ പ്രവര്‍ത്തികളാണ് അയര്‍ലണ്ടിലെ പുരോഹിതവര്‍ഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇതൊരു അപകടകരമായ കൊടുങ്കാറ്റാണ്. വിശ്വാസികളുടെ ഹൃദയത്തില്‍ ഇത് കടക്കുകയും ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുകയും ചെയ്യും. മെത്രാന്മാരേ, നിങ്ങള്‍ ലൈംഗികപീഡനം നടത്തിയിരിക്കുന്നു, അതിന് കൂട്ടുനിന്നിരിക്കുന്നു. വിശ്വാസം സംരക്ഷിക്കാന്‍, തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറയുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്” - കത്തോലിക്കാ സഭയില്‍ പോപ്പിന് തൊട്ടുതാഴെയുള്ള വ്യക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ ടാര്‍സിസിയോ ബെര്‍ട്ടോണ്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് അയര്‍ലണ്ടില്‍ മെത്രാന്മാരും പുരോഹിതന്മാരും നടത്തിയ/നടത്തുന്ന ബാലപീഡനം അടക്കമുള്ള ലൈംഗികകേളികളുടെ ചിത്രം മാധ്യമങ്ങളിലൂടെ വെളിവായത്. അയര്‍ലണ്ടിലെ റോമന്‍ കത്തോലിക്കാ പീഡനവിവരങ്ങള്‍ മൂടിവയ്ക്കാനാണ്‍ ആദ്യം ശ്രമിച്ചത്. കുട്ടികളെ അടക്കം പലരെയും പീഡിപ്പിച്ച പുരോഹിതന്മാരെയും മെത്രാന്മാരെയും ന്യായീകരിക്കാനും ശ്രമിച്ചു.

സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ വത്തിക്കാന്‍ സത്യമന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പ് ഇപ്പോള്‍ അയര്‍ലണ്ടിലെ മെത്രാന്മാരെ വിളിച്ച് വരുത്തിയിരിക്കുകയാണ്. അയര്‍ലണ്ടില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പ്രേഷിതവേലയ്ക്ക് പോയ പുരോഹിതന്മാര്‍ വരെ ബാലപീഡനം നടത്തി എന്നാണ് ഞട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ ഇപ്പോള്‍ അയര്‍ലണ്ടിലെ നിയമനടപടികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ, അയര്‍ലണ്ടിലെ കത്തോലിക്കാ സഭയില്‍ ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ബാലപീഡനവും ലൈംഗികപീഡനവും ആരോപിക്കപ്പെട്ട ചില മെത്രാന്മാരും പുരോഹിതരും സ്ഥാനമൊഴിയാനോ തെറ്റ് സമ്മതിക്കാനോ തയ്യാറായിട്ടില്ല. അയര്‍ലണ്ടിലെ കത്തോലിക്കാ സഭയെ എങ്ങനെ നേരെയാക്കിയെടുക്കാം എന്നുള്ളതായിരിക്കും പോപ്പും കര്‍ദ്ദിനാള്‍മാരും അയര്‍ലണ്ടിലെ മെത്രാന്മാരും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയുടെ മുഖ്യ പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :