സഖാക്കള്‍ പിന്നെയും അരമനകളിലേക്ക്

ജോയ്സ് ജോയി

CPM
WEBDUNIA|
PRO
PRO
ഇത്രയും കാലം ആരെയൊക്കെ തെറി വിളിച്ചോ അവരെയൊക്കെ സൌഹൃദത്തിലാക്കുക എന്നൊരു ഉദ്യമം ഇടവേളകളിട്ട് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍‌വിളിയായി എത്താറുണ്ട്. കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കും വീണ്ടും സമയമടുത്തിരിക്കുകയാണ്, അരമനകള്‍ കയറാനും, മെത്രാന്മാരുടെ കൈമുത്താനും! വെറുതെയല്ല. കൈയെത്തും ദൂരെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പുമാണ് വീണ്ടും അരമനകളിലേക്കുള്ള വഴി സഖാക്കളെ കാണിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളും തെറ്റുതിരുത്തല്‍ രേഖയും മൂന്നാര്‍ പ്രശ്നവും ഒക്കെ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി പി എം സംസ്ഥാന നേതൃ യോഗത്തിലാണ് പള്ളിയെയും പട്ടക്കാരെയും വീണ്ടും സി പി എം ഓര്‍ത്തിരിക്കുന്നത്. ക്രൈസ്‌തവ മതമേലധ്യക്ഷരെ നേരിട്ടുകണ്ടു തെറ്റിദ്ധാരണ അകറ്റാനുള്ള ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കാന്‍ സി പി എം മന്ത്രിമാരോടു പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ നിര്‍ദേശിച്ചു കഴിഞ്ഞു.

വിശ്വാസവുമായി നടക്കുന്ന സഭയ്ക്കകത്തും വൈദികരുടെ ഇടയിലും ഇടതുപക്ഷ അനുകൂലികളായ പുരോഹിതര്‍ ഉണ്ടെന്നു തിരിച്ചറിയാന്‍ കഴിയണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. പാര്‍ട്ടിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ശത്രുതാ നിലപാട് കൈക്കൊണ്ടിരിക്കുന്നവരോട് നല്ല ബന്ധം പുലര്‍ത്തണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശമുണ്ട്. തെറ്റായ പ്രചാരണങ്ങളുടെ ഭാഗമായി പാര്‍ട്ടിയെ തെറ്റിദ്ധരിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. സഭയുമായും, വൈദികരുമായും അല്പസ്വല്പം ബന്ധം പുലര്‍ത്തുന്നവരെ ഇക്കാര്യത്തിലേക്ക് നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം.

സമീപകാലത്തുണ്ടായ ചില സംഭവങ്ങളും പാര്‍ട്ടിയെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടി സഹയാത്രികനായിരുന്ന മനോജ് കുരിശിങ്കല്‍ പാര്‍ട്ടി വിട്ടതും, കുര്‍ബാനയ്ക്കിടെ പാര്‍ട്ടിക്ക് എതിരെ പശുക്കടവ് ഇടവകയിലെ വൈദികന്‍ പരാമര്‍ശം നടത്തിയതും ഇതിനെതിരെ ഇടവകയിലെ സഖാക്കള്‍ പ്രതികരിച്ചതുമെല്ലാം പാര്‍ട്ടി നേതൃത്വത്തിന് കൂടുതല്‍ ഉള്‍വിളി നല്കിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍വിജയമാണ് നേടിയത്. ന്യൂനപക്ഷങ്ങളെ സി പി എം ഇനിയും പിണക്കി നിര്‍ത്തിയാല്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് മുന്‍-പിന്‍ നോക്കേണ്ടി വരില്ല. പ്രത്യേകിച്ച്, നായര്‍ സമുദായമൊഴികെ, ന്യൂനപക്ഷവുമായി യു ഡി എഫിന് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക്. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് അരമനകളിലേക്ക് ചുവപ്പന്‍ പരവതാനി വിരിക്കാന്‍ സി പി എം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

തീരുമാനം സി പി എം സെക്രട്ടേറിയേറ്റില്‍ ആ‍ണെങ്കിലും കേട്ടപാതി കേള്‍ക്കാത്തപാതി അരമനയിലെത്തിയത് സി പി ഐ മന്ത്രി കെ പി രാജേന്ദ്രനായിരുന്നു. നിയുക്ത ആര്‍ച്ചു ബിഷപ്പ് ഡോ ഫ്രാന്‍സീസ് കല്ലറയ്ക്കലിനെ കാണാനായിരുന്നു മന്ത്രിയെത്തിയത്. കോണ്‍ഗ്രസുകാരനായ എം എല്‍ എ ടി എന്‍ പ്രതാപനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. താമസിയാതെ ഒരു സി പി എം മന്ത്രിയും വരാപ്പുഴ ബിഷപ്പിന് അഭിനന്ദന പൂച്ചെണ്ടുകളര്‍പ്പിക്കാന്‍ എത്തുമായിരിക്കും. സിന്ധു ജോയി പക്ഷക്കാര്‍ ‘തിരുനാമകീര്‍ത്തനം’ പാടി കൈമുത്തി തന്നെയായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും വരവേല്ക്കുക എന്നുള്ളതിന് വ്യക്തമായ സൂചനകളാണ് ഇതെല്ലാം.

സഭകളിലേക്ക് പ്രതിനിധികളെ അയയ്ക്കുന്നതിനൊപ്പം തന്നെ പി ഡി പിയുമായുള്ള ബന്ധം അറുത്തു മുറിക്കാനും സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്രദ്ധിച്ചു. പി ഡി പിയെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെ ഏതെങ്കിലും ഒരു മുസ്‌ലിം സംഘടനയുടെ വിലാസത്തില്‍ മുസ്‌ലിം ബഹുജനങ്ങളെ അടുപ്പിക്കുകയല്ല പാര്‍ട്ടിയുടെ ലക് ഷ്യമെന്ന് സെക്രട്ടേറിയറ്റ്‌ ഓര്‍മിപ്പിച്ചു. തനതായ പ്രവര്‍ത്തനങ്ങളിലൂടെയും നയസമീപനങ്ങളിലൂടെയും മുസ്‌ലിം സമുദായത്തെ ആകര്‍ഷിക്കണമെന്നാണ് നേതൃത്വം നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

എന്നാല്‍ ഒരു നല്ല ബന്ധത്തിന് സാധ്യതയുള്ള എല്ലാ മുസ്‌ലിം സംഘടനകളുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രശ്നങ്ങളോടു കടുത്ത തോതില്‍ വികാരപരമായ സമീപനം സ്വീകരിക്കുന്ന വിഭാഗമാണു മുസ്‌ലിം സമുദായമെന്നതു സഖാക്കള്‍ക്ക് പ്രത്യേകം ഓര്‍മ്മ വേണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം ഓര്‍മ്മിപ്പിക്കുന്നുണ്ട്. പള്ളികളെയും, സഭയെയും അനുനയിപ്പിക്കാനുള്ള സി പി എം ശ്രമം എത്രത്തോളം വിജയിക്കുമെന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും ഏറ്റവും നല്ല ഉത്തരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :