എമേര്‍ജിംഗ് കേരളയ്ക്ക് കൊടിയിറക്കം; വിവാദങ്ങള്‍ തീര്‍ന്നില്ല!

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ആഗോള നിക്ഷേപക സംഗമമായ എമേര്‍ജിംഗ് കേരളയക്ക് കൊടിയിറക്കം. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് നിക്ഷേപക സംഗമം വഴിയെരുക്കിയെന്ന് സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അഭിപ്രായപ്പെട്ടു. വിവാദങ്ങളുടെ പേരില്‍ എമേര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ 45 പദ്ധതികളിലായി നാല്‍പതിനായിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി. സ്റ്റാര്‍ട്‌ അപ്‌ വില്ലേജില്‍ കിന്‍ഫ്ര ഒരു ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ടെലികോം ഇന്‍കുബേറ്റേഴ്സ്‌ പണിയും. ആദ്യത്തെ 2500 സ്ക്വയര്‍ ഫീറ്റ്‌ നിര്‍മാണം അടുത്തവര്‍ഷം മെയ്‌ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ 100 കോടി രൂപ മുടക്കില്‍ പത്തേക്കര്‍ സ്ഥലത്ത്‌ ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ തുടങ്ങും. പദ്ധതികള്‍ക്ക്‌ ക്ലിയറന്‍സ്‌ നല്‍കാനുള്ള ഏകജാലക സംവിധാനം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എമേര്‍ജിംഗ് കേരളയില്‍ പ്രതീക്ഷകളേക്കാള്‍ ഏറെ വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൊച്ചിയില്‍ മൂന്ന് ദിവസമായി നടന്ന പരിപാടിക്ക് നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിക്ക് കൊടിയിറങ്ങിയിട്ടും വിവാദങ്ങള്‍ക്ക് കുറവില്ല. നിക്ഷേപ സംഗമത്തിന്റെ ഭാഗമായി കരാറുകള്‍ ഒന്നുംതന്നെ ഒപ്പുവെയ്ക്കില്ലെന്ന വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ ചില കരാറുകള്‍ ഒപ്പുവെച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

വിദേശ നിക്ഷേപകരെ ആകര്‍ഷിപ്പിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മലയാളി സംവിധായകരാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ആകെ പ്രതിനിധികളില്‍ 1270 പേര്‍ മലയാളികളും 422 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. 796 വിദേശ പ്രതിനിധികള്‍ പങ്കെടുത്തെങ്കിലും ഇവരെല്ലാം പ്രവാസി മലയാളികളാണെന്ന വിമര്‍ശനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :