ടാങ്കര്‍ പൊട്ടിത്തെറി: മരണം മൂന്നായി

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂര്‍ ചാല ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍ പി ഹൗസില്‍ നിര്‍മല(50)യാണ് ബുധനാഴ്ച മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. ചാല ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലത (48) കൊയിലി ആശുപത്രിയിലും നരോളി ഹൗസില്‍ അബ്ദുല്‍ അസീസ്‌ (55) പരിയാരം മെഡിക്കല്‍ കോളജിലുമാണു മരിച്ചത്‌. പൊള്ളലേറ്റ 42 പേരില്‍ 16 പേരുടെ നില ഗുരുതരമാണ്‌.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു‍. പരിസരത്തെ അഞ്ചു വീടുകള്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :