എംഎം മണിയെ വീണ്ടും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി നിയമിച്ചു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനാണ് എംഎം മണിയുടെ പേര് നിര്‍ദ്ദേശിച്ചത്. പിണറായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം മേയ് 25 നായിരുന്നു അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് എം.എം മണി മണക്കാട് നടത്തിയ പ്രസംഗമാണ് വിവാദത്തിലായതും ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായതും. പട്ടിക തയ്യാറാക്കി പ്രതിയോഗികളെ വകവരുത്തിയെന്നായിരുന്നു മണിയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് ജൂണ്‍ നാലിന് മണിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. നവംബര്‍ 21 നാണ് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്ന് മണിയെ അറസ്റ്റ് ചെയ്തത്.
ജനുവരി 4 വരെ പീരുമേട് സബ്ജയിലില്‍ കഴിഞ്ഞ മണിക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ അഞ്ചേരി ബേബി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെങ്കിലും ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്കി.
പാലാ കിടങ്ങൂരിലെ ബന്ധുവീട്ടിലായിരുന്നു മണിയുടെ താമസം. ഇതിനിടെ ബന്ധുവിന്റെ മകളുടെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ ആറ് മുതല്‍ 11 വരെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ആഗസ്റ്റ് 21 നാണ് മണി ജില്ലയില്‍ തിരിച്ചെത്തിയത്.