ഇസ്ലാമിക ബാങ്കിന്‌ ഹൈക്കോടതി സ്റ്റേ

Islamic Bank
കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഓഹരി പങ്കാളിത്തത്തില്‍ സംസ്ഥാനത്ത്‌ ഇസ്ലാമിക്‌ ബാങ്ക്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രാജ്യത്തെ ഭരണഘടനക്കും റിസര്‍വ് ബാങ്ക് നയങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഇസ്ലാമിക ബാങ്കിംഗ് വര്‍ഗീയ ബാങ്കിംഗാണെന്ന് കാണിച്ച് മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി നേതാവുമായ സുബഹ്മണ്യസ്വാമി നല്‍കിയ ഹര്‍ജിയിലാണ്‌ വിധി.

ചീഫ്‌ ജസ്റ്റീസ്‌ ബെന്നൂര്‍ മഠ്‌, ജസ്റ്റീസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്‌ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇസ്ലാമിക ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ വിധിച്ചത്. മതേതര സമൂഹത്തിന്‌ യോജിച്ചതല്ല ഇസ്ലാമിക ബാങ്കിംഗ് എന്ന ആശയമെന്നാണ് സുബ്രഹ്മണ്യസ്വാമി വാദിച്ചത്. ഹര്‍ജിയില്‍ കോടതി പിന്നീട്‌ വിശദമായ വാദം കേള്‍ക്കും.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ തുടങ്ങുന്ന ഇസ്‌ലാമിക ബാങ്ക്‌ എന്തു വിലക്കൊടുത്തും എതിര്‍ക്കുമെന്ന് ആര്‍എസ്എസ് പ്രസ്താവിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ബാങ്ക്‌ തുടങ്ങുന്നതിനോട്‌ കടുത്ത വിയോജിപ്പുണ്ടെന്നാണ് ആര്‍എസ്‌എസ്‌ പറയുന്നത്.

മാസങ്ങള്‍ മുമ്പ് വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ചില വ്യവസായികള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് കേരളത്തില്‍ ഇസ്‌ലാമിക ബാങ്ക്‌ പദ്ധതി ഉയര്‍ന്നു വന്നത്. ആഗസ്‌ത്‌ 24 ന്‌ കേരള ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ബോര്‍ഡ്‌ യോഗം അംഗീകരിച്ച പദ്ധതി ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്‌.

കെ എസ്‌ ഐ ഡി സി അംഗീകരിച്ച പദ്ധതിയനുസരിച്ച്‌ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം 11 കോടി രൂപയാണ്‌. അംഗീകരിച്ച മൂലധനം 500 കോടിയും. 11 ശതമാനം നിക്ഷേപം കെ എസ്‌ ഐ ഡി സി നല്‍കും. ബാക്കി തുക ഓഹരിയുടമകളില്‍നിന്ന്‌ സമാഹരിക്കും. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടന്‍ റിസര്‍വ്‌ബാങ്കിനെ അനുമതിക്കായി സമീപിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. അതിനിടയിലാണ് ഹൈക്കോടതി സ്റ്റേ വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :