ഹൈക്കോടതി ബഞ്ച്: കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹം

തിരുവനന്തപുരം| WEBDUNIA|
തലസ്ഥാനത്തിന് ഹൈക്കോടതി ബഞ്ച്‌ അനുവദിക്കാതിരുന്ന കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപരുത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന്‌ പ്രധാനമന്ത്രിയ കണ്‌ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചതാണ്‌. പ്രശ്നം കേന്ദ്ര നിയമ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്‌ടുവരാമെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു‌. പക്ഷേ, അവസാനം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്.

തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബഞ്ച്‌ വേണമെന്നത്‌ ഒരു പാര്‍ട്ടിയുടേയോ മുന്നണിയുടേയോ മാത്രം കാര്യമല്ലെന്നും ഇവിടെ ഉണ്‌ടായിരുന്ന ബഞ്ച്‌ പുനഃസ്ഥാപിയ്ക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെയോ രാഷ്ട്രപതിയുടെയോ അനുമതിയോടെ ബഞ്ച്‌ സ്ഥാപിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ സാധിയ്ക്കും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിജയകുമാര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുമായി ചേര്‍ന്നു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :