ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊഴികെ സകലതിനും വിലകയറി; കഞ്ഞിക്കലങ്ങളില്‍ മണ്ണുവാരിയിട്ടവരെ വീട്ടമ്മമാര്‍ തെരഞ്ഞെടുപ്പില്‍ ചൂലെടുത്ത് തുരത്തും- വിഎസ്

കേരളത്തിലെ പാവപ്പെട്ട വീട്ടമ്മമാരുടെ ദയനീയാവസ്ഥ പറഞ്ഞറിയിക്കാവുന്നതല്ല

വിഎസ് അച്യുതാനന്ദന്‍ ഫേസ്‌ബുക്കില്‍ , വിഎസ് അച്യുതാനന്ദന്‍ , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 മെയ് 2016 (12:08 IST)
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊഴികെ സകലതിനും വിലകയറിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഫേസ്‌ബുക്കില്‍. ആവശ്യസാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുക്കളയിലെ കഞ്ഞിക്കലങ്ങളില്‍ മണ്ണുവാരിയിട്ട ഈ സര്‍ക്കാരിനെ കേരളത്തിലെ വീട്ടമ്മമാര്‍ തെരഞ്ഞെടുപ്പില്‍ ചൂലെടുത്ത് തുരത്തുമെന്ന് ഉറപ്പുണ്ടെന്നും വിഎസ് തന്റെ പോസ്‌റ്റില്‍ പറയുന്നു. കഞ്ഞിക്കലങ്ങളില്‍ മണ്ണുവാരിയിട്ടവര്‍ എന്ന തലക്കെട്ടോടയാണ് പ്രതിപക്ഷനേതാവിന്റെ ഫേസ്‌ബുക്ക് കമന്റ്.

വിഎസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കഞ്ഞിക്കലങ്ങളില്‍ മണ്ണുവാരിയിട്ടവര്‍

കേരളത്തിലെ പാവപ്പെട്ട വീട്ടമ്മമാരുടെ ദയനീയാവസ്ഥ പറഞ്ഞറിയിക്കാവുന്നതല്ല. പലവീടുകളിലും അടുപ്പ് പുകയുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിലക്കയറ്റം എല്ലാ പരിധികളും കടന്നിരിക്കുന്നു. വില വാണംപോലെ കുതിച്ചുകയറി എന്നതിലൊന്നും വിശേഷണങ്ങള്‍ ഒതുങ്ങുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം വിലക്കയറ്റത്തിന്റെ കെടുതികള്‍ പലതവണ
ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴൊക്കെ സബ്‌സിഡിയായി ശതകോടികള്‍ ചെലവഴിച്ചു എന്നുപറഞ്ഞ് മുഖ്യമന്ത്രിയും ഭക്ഷ്യ - സഹകരണ-കൃഷിമന്ത്രിമാരും ഒഴിഞ്ഞു മാറുകയായിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഫലപ്രദമായി ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ കടകള്‍ മിക്കതും പൂട്ടിപ്പോയി. മാവേലി സ്റ്റോറുകള്‍ ഇപ്പോഴാണ് അര്‍ത്ഥവത്തായത് - സബ്‌സിഡി സാധനങ്ങള്‍ ആണ്ടിലൊരിക്കല്‍, മാവേലിയെപ്പോലെയെങ്കിലും വന്നാല്‍ ഭാഗ്യം!കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ, ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലുള്ള അഴിമതി പുറത്തുകൊണ്ടുവരാന്‍ ഭരണവിലാസം മാദ്ധ്യമങ്ങള്‍പോലും നിര്‍ബന്ധിതരായി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിപണിയില്‍ അരിക്ക് കിലോഗ്രാമിന് 18 രൂപയായിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അത് നാല്പത് കടത്തി എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടമാണ്!ചായക്കടകളില്‍ ഉഴുന്നില്ലാത്ത ഉഴുന്നുവടയും പരിപ്പില്ലാത്ത പരിപ്പുവടയുമാണുള്ളത്. 30 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 200 രൂപയിലെത്തിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് ഒരു കറിക്കുള്ള പച്ചക്കറി 10 രൂപയ്ക്ക് കിട്ടിയിരുന്നത് ഇപ്പോള്‍ 50 രൂപയ്ക്കും പലേടത്തും കിട്ടാനില്ല. മീനിന്റെയും ഇറച്ചിയുടെയും വില പറയുകയും വേണ്ട. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊഴികെ സകലതിനും വിലകയറി!

ഉത്സവ സീസണില്‍ വിലക്കിഴിവിന്റെ മേളകള്‍ നടത്തിയിരുന്നത് ഓര്‍മ്മ മാത്രമായി. കഴിഞ്ഞ ഓണം, വിഷു സീസണില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിചെയ്ത് ന്യായവിലക്ക് നല്‍കിയതിനാല്‍ സര്‍ക്കാര്‍ ഉറങ്ങിയെങ്കിലും നാട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി ന്യായവിലയ്ക്ക് കിട്ടി.

അടുക്കളയിലെ കഞ്ഞിക്കലങ്ങളില്‍ മണ്ണുവാരിയിട്ട ഈ സര്‍ക്കാരിനെ കേരളത്തിലെ വീട്ടമ്മമാര്‍ തിരഞ്ഞെടുപ്പില്‍ ചൂലെടുത്ത് തുരത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പാവപ്പെട്ടവരുടെ വിശപ്പടക്കാനുള്ള സബ്‌സിഡി തുകയില്‍ കൈയിട്ടുവാരിയ ഈ അധമക്കൂട്ടങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനകരമാണ്. കോടതി അവരില്‍ ഒരാളെ പൂട്ടാന്‍ നടപടി തുടങ്ങി. മറ്റുള്ളവരും ആ വഴിയില്‍ അധികം താമസിയാതെ എത്തിച്ചേരുകതന്നെ ചെയ്യും. ഉപ്പിന്റെ വിലയും കൂടിയെങ്കിലും അതുതിന്നവരെ വെള്ളം കുടിപ്പിക്കാന്‍ കേരളജനത കാത്തിരിക്കുകയല്ലേ?

'അഛാദിൻ' കൊണ്ടുവരും എന്ന് വാഗ്ദാനം നൽകി ജനങ്ങളെ മോഹിപ്പിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവന്മമെന്റും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് എടുത്തത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും ഇതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കിയില്ല. എന്ന് മാത്രമല്ല വിലക്കയറ്റത്തിന് ഇന്ധനം നിറയ്ക്കുന്ന പ്രവർത്തിയാണ് മോദി ഗവന്മെന്റ് സ്വീകരിച്ചത്.

ഈ തിരഞ്ഞെടുപ്പിൽ ജനജീവിതം ദുസ്സഹമാക്കിയ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ്.- നും ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യ്ക്കും എതിരെ ജനങ്ങൾ പ്രതികാര ബുദ്ധിയോട് കൂടി സമ്മതിദാനം വിനിയോഗിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :