വിഴിഞ്ഞം; ആശങ്കകള്‍ തീര്‍ക്കാന്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം

 വിഴിഞ്ഞം തുറുമുഖ പദ്ധതി , ഉമ്മന്‍ചാണ്ടി , വിഴിഞ്ഞം , അദാനി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (09:50 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നടപ്പിലാക്കേണ്ട പ്രത്യേക പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുറമുഖമന്ത്രി കെ ബാബു, ഉന്നത ഉദ്യോഗസ്ഥര്‍, വിഴിഞ്ഞം കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

പരിസരവാസികള്‍ വിഴിഞ്ഞം തുറുമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. പദ്ധതി വരുന്നതോടെ തൊഴിലും സ്ഥലവും നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും പരിസ്ഥിതിനാശം പരിഹരിക്കലും ചര്‍ച്ചയില്‍ വരും. കൂടാതെ പാരിസ്ഥിതിക പഠനത്തിനപ്പുറം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണത്തിന് ഡിസംബര്‍ 5ന് തറക്കല്ലിടാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിടുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ചടങ്ങില്‍ പങ്കെടുക്കും. കേരളപ്പിറവിദിനമായ നവംബര്‍ 1ന് തറക്കല്ലിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

നവംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചടങ്ങ് മാറ്റിവെക്കേണ്ടിവന്നു. തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതിനായി പ്രധാനമന്ത്രിയെ സമീപിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍കേന്ദ്രങ്ങള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :