വെള്ളാപ്പള്ളിയാണ് അസഹിഷ്‌ണുതയുടെ ഉദാഹരണമെന്ന് ലോക്‌സഭയില്‍ പ്രേമചന്ദ്രന്‍ എം പി

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2015 (18:17 IST)
അസഹിഷ്‌ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളാപ്പള്ളി നടേശനെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. അസഹിഷ്‌ണുത വിഷയത്തില്‍ ലോക്‌സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തവുമായി ബന്ധപ്പെട്ട്, സമത്വ മുന്നേറ്റ ജാഥാ നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് ആയിരുന്നു ലോക്സഭയില്‍ പ്രേമചന്ദ്രന്‍ എം പിയുടെ പരാമര്‍ശം.

തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ചു മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദ് മുസ്ലിമും ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനിയും ആയതിനാലാണ് മഹത്തായ ഒരു മാനുഷിക പ്രവര്‍ത്തനത്തെ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയമായി കണ്ടതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയെ തള്ളിപ്പറയാന്‍ കേരളത്തിലെ ഒരു ബി ജെ പി, ആര്‍ എസ് എസ് നേതാവും തയ്യാറായിട്ടില്ലെന്നും ഇതു തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കല്‍ബുര്‍ഗിയെ വധിച്ചവര്‍ കെ എസ് ഭഗവാനെ വധിക്കുമെന്ന് മുന്നറിയിപ്പു നല്‌കി. എന്നാല്‍,
ഇതിനെയൊന്നും അപലപിക്കാനോ തള്ളിപ്പറയാനോ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ സമീപനമാണ് രാജ്യത്ത് അസഹിഷ്ണുത വളരാന്‍ കാരണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :