Sumeesh|
Last Modified തിങ്കള്‍, 9 ജൂലൈ 2018 (15:19 IST)
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള അന്വേഷണ സംഘത്തിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സി ബി ഐ അന്വേഷണം
ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജ്ജിയിലാണ് കോടതിയുടെ നടപടി.
കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. കേസിലെ സാക്ഷികളിൽ കൂടുതലും ശ്രീജിത്തിന്റെ ബന്ധുക്കളാണ്. അതിനാൽ തന്നെ സാക്ഷികൾ സ്വാധീനിക്കപ്പെടാനുള്ള സാഹചര്യം കുറവാനെന്ന് കോടതി നിരീക്ഷിച്ചു.
മുൻ ആലുവ റൂറൽ എസ് പി എ വി ജോർജിനെ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിലെ സാങ്കേതിക പ്രശ്നം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിയിൽ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കി. മുൻ ആലുവ റൂറൽ എസ് പി എ വി ജോർജിനെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.