കണ്ണൂര്‍|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (09:40 IST)
ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സര്‍ക്കാരിന് കത്ത് നല്കട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി എസ് ആവശ്യപ്പെട്ടത് പ്രകാരമാണ് വിജിലന്‍സിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. സര്‍ക്കാര്‍ അത് അംഗീകരിക്കില്ലെന്നാണ് വി എസ് കരുതിയത്. അതിനാലാണ് വി എസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഭയമാണെന്നാണ് വി എസ് കരുതിയത്. എന്നാല്‍ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിഎസിന് രാഷ്ട്രീയ നിരാശയാണ്. അതിനാലാണ് യുഡിഎഫിലെ ഘടകകക്ഷികളെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് നിലം തൊടില്ലെന്നാണ് ഇടതുപക്ഷം പറഞ്ഞത്. രണ്ട് സീറ്റ് കിട്ടുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഫലം വന്നപ്പോള്‍ പന്ത്രണ്ട് സീറ്റ് കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.