പാലക്കാട്/അഗളി|
jibin|
Last Modified ശനി, 24 ഫെബ്രുവരി 2018 (10:37 IST)
അട്ടപ്പാടി മുക്കാലിയിൽ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം.
മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും
ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് യുവാവിന്റെ സഹോദരി
ചന്ദ്രിക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭക്ഷണം ഒരുക്കുമ്പോഴാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് മാരമായി മര്‍ദ്ദിക്കുകയും ആരവങ്ങളോടെ കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുകയും ചെയ്‌തു. ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ് മധുവിനെ മുക്കാലിയില്‍ കൊണ്ടുവന്നത്. ഈ സമയം ആൾക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. വഴിയില്‍ വെച്ച് വെള്ളം ചോദിച്ച മധുവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് തലയിലൂടെ വെള്ളം ഒഴിച്ചുവെന്നും ചന്ദ്രിക ആരോപിച്ചു.
കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്‌ടിച്ചുവെന്ന ആരോപണമാണ് മധുവിനെതിരെ നാട്ടുകാര്‍ ആരോപിച്ചത്. വിലപിടിപ്പുള്ള ഒരു വസ്തുക്കളും അവന്‍ എടുക്കില്ലെന്നും ചന്ദ്രിക വ്യക്തമാക്കി.
ആദിവാസികൾ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകർ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നൽകണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതർ കാട്ടിലേക്ക് പ്രവേശിപ്പിച്ചതെന്നും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.