ആരുടെയും മുന്നിൽ നട്ടെല്ല് വളച്ചിട്ടില്ല; പൂര്‍ണ സംതൃപ്തിയോടെ ഒഴിയാം- ടിപി സെൻകുമാര്‍

വഴിവിട്ട ഇടപെടലുകളെ ഒടുക്കംവരെ എതിർത്തിരുന്നു- സെൻകുമാർ

  ടിപി സെൻകുമാര്‍  , പൊലീസ് മേധാവി , ലോക്നാഥ് ബെഹ്റ , ഐപിഎസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 31 മെയ് 2016 (11:47 IST)
സംസ്ഥാന പൊലീസ് മേധാവി തൽസ്ഥാനത്തുനിന്നും മാറ്റിയതിൽ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ടിപി സെൻകുമാറിന് അതൃപ്തി. സ്ഥാനമാനങ്ങള്‍ക്കായി താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ലെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി എന്ന നിലയിലുള്ള തന്റെ അവസാന ഫേസ്ബുക്ക് പോസ്റായിരിക്കും ഇതെന്ന മുഖവുരയോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. താന്‍ ആരുടെയും മുന്നിൽ നട്ടെല്ല് വളച്ചിട്ടില്ല. തസ്തികയ്ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടുമില്ല. നിയമവിരുദ്ധ പ്രവ‍ത്തികൾ ചെയ്തിട്ടില്ല. ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ല. വഴിവിട്ട ഇടപെടലുകളെ ഒടുക്കംവരെ എതിർത്തിരുന്നുവെന്നും സെൻകുമാർ പോസ്‌റ്റില്‍ പറയുന്നു.

35 വര്‍ഷത്തെ തന്റെ സര്‍വീസില്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്റെ ഉദ്യോഗസ്ഥരോട് നിയമം ലംഘിച്ച് ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. പൂര്‍ണ സംതൃപ്തിയോടെ തനിക്ക് ഡിജിപി പദവി ഒഴിയാം. തെളിവുകള്‍ നിര്‍മിച്ച് ഒരു നിരപരാധിയെയും തന്റെ കാലത്ത് അറസ്‌റ്റ് ചെയ്തിട്ടില്ലെന്നും തന്നോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സെന്‍കുമാര്‍ പോസ്‌റ്റില്‍ പറയുന്നു.

പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി:-

സംസ്ഥാന പൊലീസ് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും തൽസ്ഥാനത്തുനിന്നു മാറ്റി പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയാണ് പുതിയ സർക്കാർ വരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റയെയും വിജിലൻസ് ഡയറക്ടറായി ഡിജിപി ഡോ ജേക്കബ് തോമസിനെയും നിയമിച്ചു.

വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ സ്ഥാനത്ത് നിന്നും മാറ്റണമെങ്കിൽ വ്യക്തമായ കാരണങ്ങൾ വേണം. ഇതു സംബന്ധിച്ച ഫയലുകൾ സർക്കാർ തയ്യാറാക്കിയതായാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :