ജനവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ജേക്കബ് തോമസ് നിയമനടപടിക്ക്

  ഡിജിപി ജേക്കബ് തോമസ് , ഉമ്മൻചാണ്ടി , ടിപി സെൻകുമാര്‍ , ജിജി തോംസണ്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (08:10 IST)
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന ആരോപണം നേരിടുകയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുകയും ചെയ്‌ത പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ഡിജിപി ജേക്കബ് തോമസ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു.

മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാത്തപക്ഷം കോടതിയെ സമീപിക്കുന്നതിനായി അനുമതി തേടി ജേക്കബ് തോമസ് സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാറിന് കത്തു നൽകി. നാലു ദിവസം മുമ്പ് കത്ത് ചീഫ് സെക്രട്ടറി ജിജി തോംസണു കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. നാലു ദിവസം മുൻപാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ കത്തു നൽകിയതെന്നാണ് സൂചന.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിയമനടപടിക്കായി പരാതി നൽകുന്നത്. ഫ്ലാറ്റ് വിഷയത്തിൽ അഴിമതി രഹിതമായി പ്രവർത്തിച്ചതിന് തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ പിൻവലിക്കുക. തന്നെ തരംതാഴ്ത്തി സ്ഥലം മാറ്റിയ നടപടി തെറ്റാണെന്ന ആരോപണവും ജേക്കബ് തോമസ് ഉയർത്തുന്നു.

ഫ്ലാറ്റ് വിഷയത്തില്‍ 77 ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് പുതിയ ഫയർഫോഴ്സ് മേധാവി അനിൽ കാന്ത് സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതും ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി. കൂടാതെ, ജേക്കബ് തോമസിനെതിരെ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകിയതും ജേക്കബ് തോമസിന് അനുകൂലമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :