കോഴിക്കോട്|
jibin|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (14:11 IST)
ക്ലാസിലെ ബഞ്ചിൽ ഒന്നിച്ചിരുന്ന സഹപാഠികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും സസ്‌പെൻഡ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ തോമസ് ഐസക് എംഎല്‍എ രംഗത്ത്. നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേർന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ ഓരോന്നായി മടങ്ങിവരികയാണ്. പരിഷ്‌കൃതകാലത്ത് ഇത്തരമൊരു വിവേചനം ഒരു വെല്ലുവിളിയുടെ രൂപത്തില്‍ നടപ്പാക്കാന്‍ ഫറൂഖ് കോളജ് മാനേജ്മെന്റിന് എങ്ങനെ കഴിഞ്ഞുവെന്ന് കേരളസമൂഹം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതാണെന്നും തോമസ് ഐസക് ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്കിന്റെ പുര്‍ണ്ണരൂപം:-
നവോത്ഥാനമുന്നേറ്റവും പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്ന് നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങള്‍ ഓരോന്നായി മടങ്ങിവരികയാണ്. സങ്കുചിതമായ യാഥാസ്ഥിതികതയുടെ ഇരകളാണ് ഒരേ ബഞ്ചിലിരുന്നതിന്‍റെ പേരില്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാറൂഖ് കോളജിലെ കുട്ടികള്‍. പരിഷ്കൃതകാലത്ത് ഇത്തരമൊരു വിവേചനം ഒരു വെല്ലുവിളിയുടെ രൂപത്തില്‍ നടപ്പാക്കാന്‍ ഫറൂഖ് കോളജ് മാനേജ്മെന്റിന് എങ്ങനെ കഴിഞ്ഞുവെന്ന് കേരളസമൂഹം ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ടതാണ്.
ഈ കോളജില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഒന്നിച്ചിരുന്ന് പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും ഗുരുതരമായ ആരോപണങ്ങളാണ് കോളജ് മാനേജ്മെന്‍റിനെതിരെ കുട്ടികള്‍ ഉന്നയിക്കുന്നത്. സംഘഗാനം, നാടകം തുടങ്ങിയ കലാപരിപാടികളില്‍പ്പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പങ്കെടുക്കുന്നതിന് ഈ കോളജില്‍ വിലക്കുണ്ടത്രേ. കോളജ് അധികൃതരുടെയും മാനേജ്മെന്‍റിന്‍റെയും ഈ പ്രാകൃത നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയുമുണ്ട്.
കോളേജുകളുടെ ഓട്ടോണമി ദുരുപയോഗം ചെയ്യപ്പെടും എന്ന ആശങ്ക ശരിയാണെന്നു തെളിയിക്കുന്ന സംഭവഗതികളാണ് ഉണ്ടാക്കുന്നത്. ഓട്ടോണമി അക്കാദമിക കാര്യങ്ങൾക്ക് മാത്രമാണ് ബാധകം. ഓരോ കോളേജ് മാനേജ്മെന്‍റും തങ്ങളുടെ ശരികൾ കുട്ടികൾക്കും അദ്ധ്യാപകർക്കും മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല
കാട്ടുനീതി നടപ്പാക്കിയിരുന്ന കാലത്തെ ആചാരമര്യാദകളൊന്നും പുതുതലമുറയുടെ മുന്നില്‍ വിലപ്പോവുകയില്ല. കോളജ് മാനേജ്മെന്‍റും അധികൃതരും അതു മനസിലാക്കണം. തികഞ്ഞ സ്വാതന്ത്ര്യബോധത്തോടും അന്തസോടും കൂടി ജീവിക്കുകയും ഇടപഴകുകയും പെരുമാറുകയും ചെയ്യുന്ന കുട്ടികളില്‍ പ്രാകൃത മര്യാദകള്‍ അടിച്ചേല്‍ക്കാനുളള ശ്രമത്തില്‍ നിന്ന് ഫാറൂഖ് കോളജ് അധികൃതര്‍ പിന്മാറണം. ഇപ്പോള്‍ പുറത്താക്കിയിരിക്കുന്ന കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കണം. പ്രശ്നം വഷളാക്കാതെ പരിഹരിക്കാന്‍ വിവേകത്തോടെ ഇടപെടണം.
ആൺകുട്ടികളെയും പെൺകുട്ടികളെയും സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു.