നിഹാരിക കെ.എസ്|
Last Modified ഞായര്‍, 22 ഡിസംബര്‍ 2024 (08:59 IST)
തൊടുപുഴ: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്‌സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം.
രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. രാവിലെ മുതൽ സഹപാഠികൾ ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ വിവരമറിയിച്ചത്. അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികൾ ഫോൺ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാകാമെന്നാണ് നിഗമനം.
വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും രാവിലെ പോയത്. ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അക്‌സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണല്‍ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. അഗ്‌നിരക്ഷാ സംഘമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.