കുറുക്കുവഴി സ്വീകരിച്ച് സാന്നിധ്യമുറപ്പിക്കാനുള്ള ബി ജെ പി തന്ത്രം കേരളത്തില്‍ വിലപ്പോവില്ല : രമേശ് ചെന്നിത്തല

വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപിയെ എം പിയാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരം, രമേശ് ചെന്നിത്തല, സുരേഷ് ഗോപി, ബി ജെ പി, നരേന്ദ്ര മോദി thiruvananthapuram, ramesh chennithala, suresh gopi, BJP, narendra modi
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 30 ഏപ്രില്‍ 2016 (12:49 IST)
വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപിയെ എം പിയാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നല്ല മനുഷ്യനായ സുരേഷ് ഗോപി ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് മോശം കൂട്ടുകെട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങളൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഫേസ്‌ബുക്കിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല രാഷ്ട്രീയ കുതന്ത്രങ്ങളും ബി ജെ പി പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും അവരുടെ മോഹം പൂവണിയില്ലന്നെനിക്കുറപ്പുണ്ട്. ജാതി മത സംഘനകളെ കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞു. വര്‍ഗ്ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും പുതിയൊരു മുഖം നല്‍കിയുള്ള പരീക്ഷണത്തിനാണ് മോദി അമിത്ഷാ കൂട്ടുകെട്ട് മുതിരുന്നത്. രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന തന്ത്രവുമായാണ് അവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപി നല്ല നടനും എന്റെ സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത് 'A good man in a bad company' എന്ന അവസ്ഥയിലാണ്. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യമുറപ്പിക്കാനുള്ള ബി ജെ പി തന്ത്രം വിലപ്പോവില്ലെന്ന് ബി ജെ പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി ജെ പി - സംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലന്ന പൂര്‍ണ്ണ വിശ്വാസം എനിക്കുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :