ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധം; പൊലീസ് അന്വേഷണം തുടങ്ങി, സത്യം തേടി രഹസ്യാന്വേഷണ വിഭാഗം

ഗോവിന്ദച്ചാമിക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയ; സത്യം തേടി പൊലീസ് സംഘം

കൊച്ചി| aparna shaji| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (14:11 IST)
വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കുറിച്ച് അഡ്വ. ബി എ ആളൂർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആളൂരിന്റെ വെളിപ്പെടുത്തലിൽ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് ബന്ധങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മുംബൈയിലെ മയക്കുമരുന്ന് മാഫിയയെ കുറിച്ചും മലയാളികൾ ഈ സംഘത്തിൽ ഉണ്ടോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ് ഗോവിന്ദച്ചാമിയുടെ കേസ് ഏൽപ്പിച്ചത് മുംബൈയിലെ മയക്കുമരുന്ന് മാഫിയ ആണെന്നും ആളൂർ വ്യക്തമാക്കി. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതിൽ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഷണവും മയക്കുമരുന്ന് വിൽപ്പനയുമായി നടത്തി വന്നിരുന്നയാളാണ് ഗോവിന്ദച്ചാമിയെന്നും ആളൂർ വ്യക്തമാക്കി. മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും സൗമ്യയെ ബലാത്സംഗം നടത്തിയെന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ആളൂർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, വൈകിയുള്ള ഈ വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നും പൊതുസമൂഹത്തെ കബളിപ്പിക്കുകയാണെന്നും അഭിഭാഷകൻ സി പി ഉദയഭാനു പ്രതികരിച്ചു. ഒരു കേസ് വീണ്ടും ഒരിക്കൽ കൂടി അന്വേഷിക്കാൻ കഴിയുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെയും നിയമസംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ആളൂർ ശ്രമിക്കുന്നതെന്നും ഉദയഭാനു വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :