മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോൻ അന്തരിച്ചു

മാധ്യമപ്രവര്‍ത്തക ലീലാ മേനോൻ അന്തരിച്ചു

എറണാകുളം| Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (09:04 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്‍മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോൻ‍(86) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു.1978ല്‍ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി, കൊച്ചി എഡീഷനുകളില്‍ സബ് എഡിറ്ററായും പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചു.

മാധ്യമപ്രവര്‍ത്തന രംഗത്തേക്കു പ്രവേശിക്കുന്നതിനുമുമ്പ് പോസ്റ്റോഫീസില്‍ ക്ലാര്‍ക്കായും ടെലിഗ്രാഫിസ്റ്റായും ജോലി ചെയ്‌തിരുന്നു. കേരളത്തിലെ ആദ്യകാല വനിതാ മാധ്യമ പ്രവര്‍ത്തകരിലെ പ്രമുഖയായിരുന്ന ലീലാ മേനോൻ‍ ന്യൂഡല്‍ഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2000ല്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായിരിക്കെ ഇന്ത്യന്‍ എക്സ്പ്രസില്‍നിന്ന് വിരമിച്ചു. ഔട്ട്ലുക്ക്, ദ് ഹിന്ദു, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റും ആയിരുന്നു.

നിലയ്ക്കാത്ത സിംഫണി എന്നാണ് ലീലാ മേനോന്റെ ആത്മകഥയുടെ പേര്. ഹൃദയപൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :