തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട്

തൃശൂര്‍| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (09:44 IST)
മെഡിക്കല്‍ കോളജില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. അമിതവിലയ്ക്ക് മരുന്നുവാങ്ങി സര്‍ക്കാരിനും രോഗികള്‍ക്കും നഷ്ടമുണ്ടാക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം രോഗികള്‍ക്കുള്ള 84 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ മാസങ്ങളായി നല്‍കിയിട്ടില്ല. ഒരു സ്വകാര്യചാനല്‍ ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു.

2013-14 ല്‍ പത്തോളം ഇടപാടുകള്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. വാങ്ങാത്ത സിടി സ്കാനറിനായി 2.45 കോടിയാണ് ആശുപത്രി പാഴാക്കി. അറ്റകുറ്റപ്പണി നടത്താതെ 21 ആധുനിക ഉപകരണങ്ങള്‍ നശിച്ചു. ഈവകയില്‍ 18 കോടിയുടെയും നഷ്ടമുണ്ടായി.

രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ആര്‍എസ്ബിവൈ പദ്ധതി പൂര്‍ണമായും താളംതെറ്റിയിക്കുകയാണ്. ധനവിനിയോഗത്തിലെ പിടിപ്പുകേട് മൂലം 2,647 രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല. ചട്ടപ്രകാരം ടെണ്ടര്‍ ക്ഷണിക്കാത്തതും വാങ്ങിയ മരുന്നിന്റെ വില കൃത്യസമയത്ത് നല്‍കാത്തതുംമൂലം അമിതവിലയ്ക്ക് രോഗികള്‍ ന്യായവില മെഡിക്കല്‍ ഷോപ്പില്‍നിന്ന് വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

സര്‍ക്കാരിന്റെ നഷ്ടം രോഗികളില്‍ നിന്ന് മുതലാക്കുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്, ന്യായവില മെഡിക്കല്‍ ഷോപ്, ആശുപത്രി വികസന സമിതി തുടങ്ങിയവയുടെയെല്ലാം കാഷ് ബുക്കിലും അക്കൌണ്ട് ബുക്കിലും പലപ്പോഴും പല കണക്കാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :