നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് വെറുതേവിട്ടുകൂടാ? - ശാരദക്കുട്ടി ചോദിക്കുന്നു

സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാ പെണ്ണിനേയും നിങ്ങൾ പുലഭ്യം പറയും: കെ കെ രമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ശാരദക്കുട്ടി

aparna| Last Modified ശനി, 17 ഫെബ്രുവരി 2018 (08:21 IST)
ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെവിട്ടുകൂടാ എന്ന് അവർ ചോദിക്കുന്നു. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയുന്നതെന്തിനാണെന്നും ശാരദക്കുട്ടി ചോ‌ദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

ശാരദക്കുട്ടിയുടെ വാക്കുകൾ:

ചെഖോവ് ഒരിക്കല്‍ എഴുതി

“എന്താണ് നിങ്ങള്‍ ആണുങ്ങള്‍ക്ക്? നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് നിങ്ങള്‍ക്ക് വെറുതെവിട്ടുകൂടാ? എല്ലാം നശിപ്പിക്കുന്ന ഒരു പിശാച് നിങ്ങളോരോരുത്തരുടേയും ഉള്ളിലുണ്ട്. വൃക്ഷങ്ങളെയും പക്ഷികളെയും സ്ത്രീകളെയും നിങ്ങള്‍ വെറുതെ വിടില്ല.” എന്ന്.

സാമൂഹ്യബോധമില്ലാത്ത സൈബർ ഗുണ്ടകൾ പറയുന്ന ഭാഷ, പക്ഷേ ഇ എം എസിന്റെ മരുമകൻ അതും സർക്കാർ നിയമിച്ച വനിതാ കമ്മീഷൻ അംഗത്തിന്റെ ജീവിത സഖാവ് പറയുമ്പോൾ ലജ്ജ കൊണ്ട് തല കുനിയുന്നു. സഖാവേ, ഇതൊക്കെ ഏതു സമയത്തും തിരിച്ചടിക്കാനിടയുള്ള ഭാഷാപ്രയോഗങ്ങളാണ്. കാരണം നിങ്ങളുടെ ചുറ്റിലും ഇന്ന് കൂടി നിൽക്കുന്നവരും ഇതേപോലെ തന്നെ ദുഷിച്ച മനസ്സും നാവുമുള്ള വെറും ആണുങ്ങൾ തന്നെയാണ്.

അന്യ പെണ്ണിന്റെ മൂക്കും മുലയും ചെത്തും, സ്വന്തം പെണ്ണിനെ തീയിൽ പിടിച്ചിടും. സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ലാതെ എല്ലാറ്റിനേം പുലഭ്യം പറയും. മതഭേദമില്ല, രാഷ്ട്രീയ ഭേദമില്ല, സാമുദായിക ഭേദമില്ല. പെണ്ണിന്റെ കാര്യം വരുമ്പോൾ ശരിയാ നിങ്ങൾ പാടുന്നത് "ഞങ്ങളിലില്ലാ നിറഭേദം ഞങ്ങളിലില്ലാ കൊടിഭേദം".

ഇതിനടിയിൽ ഒരു ഗുണ്ടാ പോസ്റ്റും അനുവദിക്കുന്നതല്ല. സാമാന്യമര്യാദയുടെ ഭാഷയിലല്ലാത്ത വിയോജിപ്പുകളും അനുവദിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :