aparna|
Last Modified വെള്ളി, 9 ഫെബ്രുവരി 2018 (10:22 IST)
കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ ആർ എസ് എസ്. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്ന് അവകാശവാദമുന്നയിച്ച് നായയുടെ കഴുത്തിൽ കുരീപ്പുഴയുടെ പേരെഴുതിയ ബോർഡ് തൂക്കിയായിരുന്നു ആർ എസ് എസ് പ്രതികരിച്ചത്.
കൊല്ലം അഞ്ചലിലെ സംഘ പ്രവർത്തകരാണ് ഇതിനു പിന്നിൽ. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ കുരീപ്പുഴ പ്രസംഗിച്ചെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് കുരീപ്പുഴയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി പ്രവര്‍ത്തകർ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയുടെ അടിസ്ഥാനത്തിൽ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്.
ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവുകൾ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു. പിന്നീട് ഇവർക്ക് കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആർ എസ് എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.