‘രണ്ടു നേതാക്കള്‍ തന്നിഷ്‌ടപ്രകാരം തീരുമാനമെടുക്കുന്നു, നേതൃമാറ്റം അനിവാര്യം’ - തുറന്നടിച്ച് ബല്‍‌റാം

‘രണ്ടു നേതാക്കള്‍ തന്നിഷ്‌ടപ്രകാരം തീരുമാനമെടുക്കുന്നു, നേതൃമാറ്റം അനിവാര്യം’ - തുറന്നടിച്ച് ബല്‍‌റാം

  rajya sabha seat issues in kerala , rajya sabha seat , congress , km mani , UDF , കേരളാ കോണ്‍ഗ്രസ് (എം) , കെ എം മാണി , രാജ്യസഭാ സീറ്റ് , വിടി ബല്‍റാം
തിരുവനന്തപുരം| jibin| Last Updated: ശനി, 9 ജൂണ്‍ 2018 (12:50 IST)
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസില്‍ കത്തിപ്പടരവെ നേതൃമാറ്റമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് യുവ എംഎല്‍എ വിടി ബല്‍റാം രംഗത്ത്.

രണ്ട് ഗ്രൂപ്പുകളുടെ നേതാക്കൾ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും ബല്‍‌റാം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ബല്‍‌റാമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

കോൺഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിനെ വഞ്ചിച്ച് പുറത്തു പോയ, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഇന്നലെ വൈകുന്നേരം വരെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന, ബത്തേരിയിൽ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്ന, കേരള കോൺഗ്രസ് (മാണി) എന്ന പാർട്ടിക്ക് നൽകാനുള്ള തീരുമാനം കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് അപമാനകരമാണെന്ന് ആവർത്തിക്കുന്നു. ലോക്സഭയിൽ ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ള ഒരാളെയാണ് ആ പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നത് അതിനേക്കാൾ കഷ്ടമാണ്. കോട്ടയം പാർലമെന്റ് സീറ്റിൽ ഇപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വർഷത്തോളം അവിടെ ഒരു ജനപ്രതിനിധിയുടെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് നാട്ടുകാരോട് വിശദീകരിക്കേണ്ടുന്ന അധിക ജോലി കൂടി യുഡിഎഫിന്റെ
തലയിൽ വന്നു ചേരുകയാണ്.

മാണി പാർട്ടിക്ക് സീറ്റ് നൽകാനുള്ള തീരുമാനം ആരുടെ ബുദ്ധിയിൽ വിരിഞ്ഞതാണെന്ന് അറിയില്ല. ഏതായാലും കോൺഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചർച്ചയും ഇതേക്കുറിച്ച് നടന്നിട്ടില്ല എന്നതാണ് വാസ്തവം. ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കും. കെപിസിസി എക്സിക്യൂട്ടീവിലോ രാഷ്ട്രീയ കാര്യ സമിതിയിലോ പാർലമെന്ററി പാർട്ടിയിലോ ഇതു സംബന്ധിച്ച ഗൗരവതരമായ ചർച്ചകളൊന്നും നടന്നിട്ടില്ല എന്നതാണ് പല മുതിർന്ന നേതാക്കളുടേയും പരസ്യ പ്രതികരണങ്ങൾ തന്നെ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ പൂർണ്ണ ഉത്തരവാദിത്തം. ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത് മാൻഡേറ്റാണ് ഈപ്പറഞ്ഞ

നേതാക്കൾക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കൾ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. പാർട്ടിയുടെ വിശാല താത്പര്യങ്ങൾക്കനുസൃതവും പാർട്ടി പ്രവർത്തകരുടെ ആത്മവീര്യത്തെ സംരക്ഷിക്കുന്നതുമായ തീരുമാനങ്ങളാണ് ഇങ്ങനെ എടുക്കുന്നതെങ്കിൽ ആ നിലക്കെങ്കിലും അവ അംഗീകരിക്കപ്പെടും. പക്ഷേ, സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനും പരസ്പരം മേൽക്കൈ നേടാനുള്ള കുതന്ത്രങ്ങൾ ഒളിച്ചു കടത്താനും നോക്കുകയാണെങ്കിൽ അതിനെ കണ്ണടച്ച് അംഗീകരിച്ച് ഈ നേതാക്കൾക്ക് ഹലേലുയ പാടാൻ ഗ്രൂപ്പുകൾക്കപ്പുറത്ത് പാർട്ടിയോട് ആത്മാർത്ഥതയുള്ള യഥാർത്ഥ പ്രവർത്തകർക്ക് ഇനിയും കഴിയും എന്ന് തോന്നുന്നില്ല.

കേരളത്തിലെ കോൺഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അർഹിക്കുന്നു. കുറച്ചുകൂടി ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കാൻ കഴിയുന്ന, പൊതു

സമൂഹത്തിന് മുൻപിൽ കുറച്ചു കൂടി വിശ്വാസ്യത പുലർത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികൾക്കപ്പുറത്ത് കോൺഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്ത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഇപ്പോഴുള്ള പാർട്ടി നേതൃത്വം മാത്രമല്ല, സമീപ ഭാവിയിൽ പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരും ഈ വിഷയങ്ങളിലൊക്കെ തന്ത്രപരമായ മൗനമവലംബിച്ച്, ആരെയും പിണക്കാതെ, പദവികൾ ഉറപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണെന്ന് തോന്നുന്നു. സത്യത്തിൽ ഇതാണ് പാർട്ടിയുടെ ഭാവിയേക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തുന്നത്. അതുകൊണ്ടുതന്നെ കെപിസിസി തലപ്പത്തേക്ക് കടന്നുവരാൻ കേരളത്തിലും ഡൽഹിയിലുമായി ലോബിയിംഗിൽ മുഴുകിയിരിക്കുന്ന പ്രമുഖ നേതാക്കൾ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം പിടിച്ചു നിർത്താൻ വേണ്ടിയെങ്കിലും ഈയവസരത്തിൽ രണ്ട് വാക്ക് പറയണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായം പറയുന്നവർ വേട്ടയാടപ്പെടുന്ന, മൗനമാചരിക്കുന്നവർ മിടുക്കരാവുന്ന ഒരു ചുറ്റുപാടിൽ പ്രതീക്ഷാജനകമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :