ചൂടിന് ആശ്വാസമായി മഴയെത്തി, ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദ മഴയില്‍ കുതിര്‍ന്ന് കേരളം

അപര്‍ണ| Last Modified ബുധന്‍, 14 മാര്‍ച്ച് 2018 (08:25 IST)
ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറും കന്യാകുമാരിക്ക് തെക്കുമായി രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം 300 കിലോമീറ്റര്‍ അകലെയെത്തിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തേ 390 കിലോമീറ്ററായിരുന്നു അകലം. അടുത്ത 24 മണിക്കൂറിനകം ഇത് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കുമെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന ഇന്ന് കേരളത്തിലെത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മാസം 15 വരെ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് പത്തിന് രാത്രിയാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ വകുപ്പുകള്‍ക്കും വിവരം കൈമാറി. തീരദേശ താലൂക്ക് കണ്‍‌ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 41 മല്‍സ്യബന്ധന ബോട്ടുകള്‍ ലക്ഷദ്വീപില്‍ അഭയം തേടി. ന്യൂനമര്‍ദ്ദം തീരത്ത് അടുക്കുന്നതോടെ കേരളത്തില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :