നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും

PV Anvar
PV Anvar
രേണുക വേണു| Last Modified തിങ്കള്‍, 13 ജനുവരി 2025 (10:34 IST)

താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് പി.വി.അന്‍വര്‍. നിലമ്പൂരില്‍ ഞാന്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്കു നിരുപാധിക പിന്തുണ നല്‍കും. പിണറായിസത്തിനെതിരായ വിധിയെഴുത്ത് ആയിരിക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാണുകയെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും. ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാന ആണിയാകുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പരിഹസിച്ചു. ആര്യാടന്‍ ഷൗക്കത്തിനെ അറിയില്ലെന്നും അദ്ദേഹം ഇപ്പോള്‍ സിനിമ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അല്ലേയെന്നും അന്‍വര്‍ ചോദിച്ചു. ആര്യാടന്‍ ഷൗക്കത്തിനെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു 'അത് അപ്പോള്‍ നോക്കാം' എന്നു മാത്രമാണ് അന്‍വര്‍ പറഞ്ഞത്.

ഇന്ന് സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ചേമ്പറില്‍ എത്തിയാണ് അന്‍വര്‍ രാജിക്കത്ത് നല്‍കിയത്. എല്‍ഡിഎഫ് പിന്തുണയില്‍ മത്സരിച്ചു ജയിച്ച അന്‍വര്‍ അയോഗ്യത നടപടി പേടിച്ചാണ് എംഎല്‍എ സ്ഥാനം ഉപേക്ഷിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അന്‍വറിന്റെ തീരുമാനം. സ്പീക്കര്‍ രാജി സ്വീകരിച്ച ശേഷമായിരിക്കും അന്‍വര്‍ തൃണമൂലില്‍ അംഗത്വമെടുക്കുക. തൃണമൂലിനോടു രാജ്യസഭാ സീറ്റ് അന്‍വര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :