പാലക്കാട്|
priyanka|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (14:25 IST)
പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളോട് അയിത്തവും തൊട്ടുകൂടായ്മയും കാണിക്കുന്ന പാചകക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടേതാണ് ഉത്തരവ്. ഹോസ്റ്റലിലെ പാചകക്കാരിയായ വി മാവതിയെ വിദ്യാര്‍ത്ഥികളുടെ പരാതിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
മുണ്ടൂരിലെ പ്രീമെട്രിക്ക് ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളോട് സ്ഥിരം പാചകക്കാരി മോശമായിട്ടായിരുന്നു പെരുമാറിയിരുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കായി പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ തൊടുന്നതിന് മുമ്പെ പാചകക്കാരിയ്ക്ക് കഴിക്കണം. കുട്ടികള്‍ കഴിച്ച യാതൊരു ഭക്ഷണവും മാലതി കഴിക്കുകയുമില്ല. താന്‍ ഉച്ഛിഷ്ടം കഴിക്കാറില്ലെന്നാണ് ഇതിന് അവര്‍ പറയുന്ന കാരണം. കുട്ടികള്‍ക്ക് റേഷന്‍ കിട്ടിയില്ലെങ്കിലും തനിക്ക് റേഷന്‍ കിട്ടണമെന്ന് മാലതിയ്ക്ക് നിര്‍ബന്ധമാണ്. മുട്ടയും ബിസ്‌ക്കറ്റുമെല്ലാം തനിക്കും അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട്ടിലേക്കു കൊണ്ടു പോകും.
മിക്കവാറും ഭക്ഷണം പാതി വേവിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. പാചകക്കാരിയുടെ അയിത്തവും തൊട്ടുകൂടായ്മയും ചൂണ്ടിക്കാട്ടി മുണ്ടൂരിലെ പ്രീമെട്രിക്ക് ഹോസ്റ്റിലിലെ കുട്ടികള്‍ സ്ഥിരം പാചകക്കാരിക്കെതിരെ പരാതി തന്നിരുന്നുവെന്ന് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. പരാതി കൊടുത്ത കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെത്തി വിവരം ശേഖരിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ് നടത്തിയതായും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു.