എന്‍ഡിഎയിലേക്ക് പോകില്ല, ലക്ഷ്യം ഇടതുമുന്നണി തന്നെ - ഈ തീരുമാനത്തിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

ചരല്‍കുന്ന് ക്യാമ്പില്‍ തുടര്‍ നിലപാടുകള്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിക്കും

  km mani , kerala congress , cpm , bar case , oommen chandy , കെ എം മാണി , സി പി എം , കോണ്‍ഗ്രസ് , ചെന്നിത്തല
തിരുവനന്തപുരം/കോട്ടയം| jibin| Last Updated: വ്യാഴം, 4 ഓഗസ്റ്റ് 2016 (14:16 IST)
കോണ്‍ഗ്രസിനോട് തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി രാഷ്‌ട്രീയ നിലപാട് തീരുമാനിച്ചുറപ്പിച്ചു. ബാര്‍ കോഴ കേസില്‍ ചതിച്ച കോണ്‍ഗ്രസിനോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാറുകയും സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കുകയുമാണ് തല്‍ക്കാലം ചെയ്യുക.

കോണ്‍ഗ്രസുമായി പിരിഞ്ഞാല്‍ കേരളാ കോണ്‍ഗ്രസ് (എം) ഒരിക്കലും എന്‍ഡിയിലേക്ക് പോകില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപിയും കോണ്‍ഗ്രസിലെ ചിലരുമാണെന്നാണ് മാണി വിഭാഗം വ്യക്തമാക്കുന്നത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനൊപ്പം മാണി ലക്ഷ്യം വയ്‌ക്കുന്നത് ഇടതു മുന്നണിയാണെന്നാണ് സൂചന.

ചരല്‍കുന്ന് ക്യാമ്പില്‍ തുടര്‍ നിലപാടുകള്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിക്കും. ക്യാമ്പിന്റെ തുടക്കത്തില്‍ ആദ്യം പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റുമാരും മറ്റും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കും. രാത്രിയില്‍ എംഎല്‍എമാരുടെയും എംപി മാരുടെയും സംയുക്‍തയോഗം ചേരും. ഈ യോഗത്തിലാകും പ്രത്യോക ബ്ലോക്കായി ഇരിക്കുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുക. ഏഴിന് ചേരുന്ന രാഷ്‌ട്രീയ പ്രമേയത്തിലൂടെ ഇക്കാര്യം അവതരിപ്പിക്കാനുമാണ് മാണിയുടെ ലക്ഷ്യം.

ഒരു സാഹചര്യത്തിലും എന്‍ഡിഎയിലേക്ക് പോകാന്‍ മാണിക്ക് താല്‍പ്പര്യമില്ല എന്നാണ് അവസാനമായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ അമിത് ഷാ നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് വ്യക്തമായി അറിയാം.

ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ഇതിന് സാധ്യത വളരെ കുറവുമാണ്. ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക.

ഈ സാഹചര്യത്തില്‍ ഭാവിയില്‍ ഇടതുമുന്നണി തന്നെയാണ് ആശ്രയിക്കാവുന്ന കേന്ദ്രമെന്നാണ് മാണിയും വിശ്വസിക്കുന്നത്. ചരല്‍കുന്ന് ക്യാമ്പില്‍ ഒരു തീരുമാനം എടുത്താലും ഉടന്‍ തന്നെ മറ്റു പാര്‍ട്ടികളിലേക്ക് എടുത്തു ചാടില്ല. 2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നയം വ്യക്തമാക്കാം എന്നാണ് കേരളാ കോണ്‍ഗ്രസ് പറയുന്നത്. ആ സമയം ആകുമ്പോഴേക്കും ബാര്‍ കോഴ കേസിലെ അന്വേഷണത്തില്‍ തീരുമാനമാകുമെന്നും തുടര്‍ നിലപാടുകള്‍ എടുക്കാന്‍ പറ്റിയ സമയമാണെന്നും മാണി കരുതുന്നുണ്ട്.

ബാര്‍ കേസ് അടക്കമുള്ള കേസുകളില്‍ നിന്ന് മാണി വിശുദ്ധനായി പുറത്തുവന്നാല്‍ ഭാവിയില്‍ അദ്ദേഹത്തെ കൂടെ കൂട്ടുന്നതില്‍ ഇടതുമുന്നണിക്ക് മടിയൊന്നുമില്ല. കേസുകളില്‍ കുറ്റവിമുക്തനായി വന്നാല്‍ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി ഒപ്പം കൂട്ടിയാലും അത് നേട്ടമേ ഉണ്ടാകുകയുള്ളുവെന്നാണ് ഇടതുമുന്നണില്‍ വിലയിരുത്തുന്നത്. വിഎസ് അച്യുതാനന്ദന്‍ പഴയതുപോലെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ത്താത്തതും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തമുള്ളതിനാല്‍ മാണിയുടെ വരവിന് തടസമാകില്ല എന്നാണ് സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :