പിണറായിയുടെ വസതിക്ക് മുമ്പില്‍ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പദയാത്ര, പ്രവീണ്‍ തൊഗാഡിയ ഞായറാഴ്ച എത്തുന്നു; കരുതലോടെ പൊലീസ്

തിരുവനന്തപുരം| BIJU| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (20:34 IST)
അന്തര്‍ദ്ദേശീയ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന സംരക്ഷണ യാത്രയില്‍ പങ്കെടുക്കാന്‍ പ്രവീണ്‍ തൊഗാഡിയ ഞായറാഴ്ച കേരളത്തിലെത്തുന്നു. തിരുവനന്തപുരത്ത് കേശവദാസപുരത്ത് തൊഗാഡിയ പ്രസംഗിക്കും.

തൊഗാഡിയയ്ക്കൊപ്പം സാധ്വി പ്രാചിയും എത്തുന്നുണ്ട്. ഇതോടെ ശക്തമായ മുന്‍‌കരുതലെടുക്കുകയാണ് പൊലീസ്. ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷത്തിന് സാധ്യതയുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദയാത്ര നടക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സംഘര്‍ഷമോ പൊലീസ് നടപടിയോ ഉണ്ടായാല്‍ അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും പദയാത്ര പൊലീസ് തടയുമെന്നും അയ്യപ്പവിഗ്രഹം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന രീതിയില്‍ പ്രവീണ്‍ തൊഗാഡിയയോ സാധ്വി പ്രാചിയോ പ്രസംഗിക്കുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. എന്തായാലും ശബരിമല യുവതി പ്രവേശത്തില്‍ നടക്കുന്ന സമരങ്ങള്‍ സര്‍ക്കാരിനും പൊലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :