പൊലീസിലെ അടിമപ്പണിയിൽ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഡിജിപി; ഡ്രൈവർക്കു മർദനമേറ്റെന്ന് മെഡി. റിപ്പോർട്ട്, ഇന്ന് ഡിജിപിയുടെ യോഗം

എ ഡി ജി പിയുടെ മകളുടെയും പൊലീസുകാരന്റെയും പരാതികള്‍ അന്വേഷിക്കുമെന്ന് ബെഹ്‌റ

അപർണ| Last Modified ശനി, 16 ജൂണ്‍ 2018 (08:08 IST)
പൊലീസിലെ ദാസ്യപ്പണിയിൽ ഇന്ന് ഡി ജി പി വിളിച്ചുചേർത്ത യോഗം. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ചെന്ന് വൈദ്യപരിശോധനാ റിപ്പോർട്ടിൽ സ്ഥിരീകരണമായതോടെയാണ് ഡി ജി പി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്.

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. എ ഡി ജി പിയുടെ മകള്‍ സ്നിഗ്ധ, പോലീസുകാരനെതിരേ നല്‍കിയ കേസും അന്വേഷിക്കുമെന്ന് ഡി ജി പി വ്യക്തമാക്കി.

പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പട്ടിക്കു മീൻ വറുത്തുകൊടുക്കുകയൊക്കെയാണ് വീട്ടിൽ തന്റെ പണിയെന്ന് പരിക്കേറ്റ പൊലീസുകാരൻ പറഞ്ഞിരുന്നു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഗവാസ്കര്‍ പറഞ്ഞു.

മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :