പാലക്കാട്|
Sajith|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (09:53 IST)
വ്യാജ സ്വര്‍ണ്ണക്കട്ടി നല്കി 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊക്കുന്ന് കുന്നത്ത് താഴെ വീട്ടില്‍ അബ്ദുള്‍ റഹ്മാന് എന്ന 67 കാരനായ കേസിലെ പ്രധാനിയാണു കഴിഞ്ഞ ദിവസം പൊലീസ് വലയിലായത്.
ജ്യോത്സ്യന്മാരെയും മന്ത്രവാദികളെയും സമീപിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടി കാണിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചെമ്മാട് സ്വദേശിയായ ജ്യോത്സ്യന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ എസ് ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
സുഹൃത്തിന്റെ പിതാവിനു പറമ്പ് കിളച്ചപ്പോള്‍ കിട്ടിയതാണു നിധി എന്നു പറഞ്ഞായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ആദ്യം ഇത് വെറും ലോഹക്കട്ടി മാത്രമാണെന്നായിരുന്നു ധരിച്ചതെന്നും പിന്നീട് ഇത് ഉപയോഗിച്ച് ആണി അടിച്ചപ്പോഴാണു രണ്ടരകിലോയോളം വരുന്ന കട്ടിയില്‍ നിന് സ്വര്‍ണ്ണ തരികള്‍ വീണതെന്നും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു.
അരനല്ലൂര്‍ സ്വദേശിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു കഴിഞ്ഞ ഡിസംബര്‍ 31 ന് 3 സ്വര്‍ണ്ണക്കട്ടികള്‍ 20 ലക്ഷം രൂപയ്ക്ക് കൈമാറിയത്. എന്നാല്‍ ഉരുക്കി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയതും തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയതും. സമാനമായ തട്ടിപ്പുകള്‍ ഇവര്‍ പലയിടത്തും നടത്തിയതായാണു സൂചന എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ മണ്ണാര്‍കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.