ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (08:45 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.
 
കഴിഞ്ഞ ദിവസമാണ് സി ബി ഐ  ജയരാജനെ കേസില്‍ 25ആം പ്രതിയായി ഉള്‍പ്പെടുത്തിയത്. തലശ്ശേരി കോടതിയില്‍ ആയിരുന്നു സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗൂഡാലോചന ഉള്‍പ്പെടെ കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
 
അതേസമയം, തനിക്കെതിരെ  യു എ പി എ ചുമത്തിയത് എന്തിനെന്ന് ജാമ്യാപേക്ഷയില്‍ ജയരാജന്‍ ചോദിച്ചു. വിക്രമന്‍ തന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നെന്നും ജാമ്യഹര്‍ജിയില്‍ ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിക്രമന്‍.
 
തനിക്ക് ആരോഗ്യപരമായ കടുത്ത സാഹചര്യമാണ് ഉള്ളത്. അറസ്റ്റ് ചെയ്താല്‍ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും കൂടാതെ, സി പി എമ്മിന്റെ കണ്ണൂര്‍ ജില്ല സെക്രട്ടറി ആയ തന്നെ അറസ്റ്റ് ചെയ്താല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള അവസരം തനിക്ക് ഇല്ലാതാകുമെന്നും ജാമ്യഹര്‍ജിയില്‍ ജയരാജന്‍ പറയുന്നു.
 
അഭിഭാഷകനായ കെ വിശ്വം മുഖേനയാണ് ജയരാജന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :