നിവിന്‍ പോളിക്കൊപ്പം ഫോട്ടോ എടുത്തത്; വിശദീകരണവുമായി മെറിന്‍ ജോസഫ് ഫേസ്‌ബുക്കില്‍

കൊച്ചി| JOYS JOY| Last Updated: വ്യാഴം, 16 ജൂലൈ 2015 (17:01 IST)
കൊച്ചിയില്‍ നടന്ന പൊതുപരിപാടിക്കിടെചലച്ചിത്ര താരം നിവിന്‍ പോളിക്കൊപ്പം മെറിന്‍ ജോസഫ് ഐ പി എസ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഫോട്ടോ ഹൈബി ഈഡന്‍ എം എല്‍ എ എടുത്തതും വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മെറിനെ മേലുദ്യോഗസ്ഥന്‍ ശാസിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഏതായാലും, സംഭവത്തിന് ശേഷം ഇക്കാര്യത്തില്‍ വിശദീകരണവുമായി മെറിന്‍ തന്നെയെത്തുകയാണ്. ഫേസ്‌ബുക്കിലാണ് മെറിന്‍ വിശദീകരണം നല്കിയിരിക്കുന്നത്. ഇംഗ്ലീഷില്‍ നല്കിയിരിക്കുന്ന വിശദീകരണത്തിന്റെ പരിഭാഷ ഇങ്ങനെ:

വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി എം എല്‍ എ സംഘടിപ്പിച്ച ചടങ്ങില്‍, നിവിന്‍ പോളിക്കൊപ്പമുള്ള
ചിത്രത്തെക്കുറിച്ച് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് താന്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് ? കാരണം വേറൊന്നുമല്ല, താന്‍ കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് പ്രതികരിക്കാറില്ല. സംഭവിച്ചതിനെക്കുറിച്ച് വിശദീകരണം വേണ്ടവര്‍ക്കായി, ആ ചിത്രം ഹൈബി ഈഡന്‍ എം എല്‍ എ തന്നെ എടുത്തതാണ്. എം എല്‍ എയുടെ അനുമതി വാങ്ങിയതിനു ശേഷം അദ്ദേഹത്തിന്റെ ഒഴിവുസമയത്താണ് ചിത്രം എടുത്തത്. എന്നാല്‍, ജേണലിസം എത്തിക്‌സിന്റെ തരിമ്പ് പോലുമില്ലാത്ത, ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ന്യൂസ് ചാനല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടോക്കോള്‍ വിശദീകരിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും മെറിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വിലകുറഞ്ഞ സെന്‍സേഷന്‍വത്ക്കരണത്തിന് ചെവി കൊടുക്കുന്നവരുടെ അറിവിലേക്ക്, അന്നേദിവസം അവിടെ എനിക്ക് ഔദ്യോഗികമായ ഒരു പരിപാടിയുമില്ലായിരുന്നു. സംഘാടകര്‍ സമ്മാന വിതരണത്തിനായി വേദി തയ്യാറാക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിച്ചത്. ആഭ്യന്തരമന്ത്രി സ്റ്റേജില്‍ നിന്ന് പോയിരുന്നു, ഒപ്പം മറ്റ് അതിഥികളും സ്‌റ്റേജില്‍നിന്ന് മാറി. അതിനു ശേഷം, അവിടെ ഒന്നും ചെയ്യാനില്ലാത്ത, വെറും അതിഥിയായ താന്‍ എന്ത് ചെയ്യണമായിരുന്നു? സ്‌റ്റേജില്‍നിന്ന് ചാടിയിറങ്ങണമായിരുന്നോ? കാഴ്ചക്കാരെ സല്യൂട്ട് ചെയ്ത് അനങ്ങാതെ നില്‍ക്കണമായിരുന്നോ ? അതോ സ്‌റ്റേജിന്റെ ഒരു മൂലയില്‍ പോയി മിണ്ടാതിരിക്കണമായിരുന്നോ ?

അരുതാത്തത് എന്തോ ചെയ്തെന്നും തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചില്ലെന്നും ചിന്തിക്കുന്നവരോട്, ഏത് നിയമമാണ് വെറുതെ ഇരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യരുത് എന്ന് പറയുന്നത്. താന്‍ അവിടെ പരിപാടി തടസ്സപ്പെടുത്തുകയോ, ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്തില്ല. പണിയൊന്നുമില്ലാത്ത ഒരു റിപ്പോര്‍ട്ടറുടെ ശ്രദ്ധ പിടിച്ചു പറ്റി എന്നത് മാത്രമാണ് ആകെപ്പാടെ സംഭവിച്ചത്. ഈ രീതിയില്‍ തരം താഴ്ന്ന രീതിയിലേക്ക് പോകുന്ന മാധ്യമങ്ങളോട് പുച്‌ഛം മാത്രമാണ്. ഇതു മാത്രമാകരുതേ ഇവരുടെ ഉപജീവനത്തിനുള്ള വഴി എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മെറിന്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :