മുന്തിരിത്തോപ്പുകളിലെ മലര്‍ !

മലര്‍, പ്രേമം, ശബരീഷ് വര്‍മ, അല്‍‌ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി
Last Modified ചൊവ്വ, 14 ജൂലൈ 2015 (17:49 IST)
ശബരീഷ് വര്‍മ ഒരു അസാധാരണ പ്രതിഭയാണ്. ഒന്നാന്തരം നടന്‍. നല്ല ഗായകന്‍. അതിലെല്ലാമുപരി മികച്ച ഗാനരചയിതാവ്. ഈ മൂന്ന് വിഭാഗത്തിലും കഴിവിന്‍റെ പരമാവധി പ്രയോഗിക്കാന്‍ ശബരീഷിന് അവസരം ലഭിച്ച സിനിമയാണ് ‘പ്രേമം’.
 
പ്രേമത്തിലെ ഗാനങ്ങള്‍ എഴുതിയതും കൂടുതലും പാടിയിരിക്കുന്നതും ശബരീഷാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുകയാണ് ‘മലരേ...’ എന്ന പാട്ട്. അതെഴുതാന്‍ താന്‍ കുറച്ചു ബുദ്ധിമുട്ടിയതായി ശബരീഷ് തന്നെ വ്യക്തമാക്കുന്നു.
 
ചിത്രീകരണം തുടരുന്നതിനിടെയാണ് ‘മലരേ...’ എന്ന ഗാനം ശബരീഷ് എഴുതുന്നത്. അതുണ്ടാക്കിയ ടെന്‍‌ഷന്‍ കൊണ്ട് അധികം ഇന്‍‌വോള്‍വ്‌ഡ് ആയി അഭിനയിക്കാന്‍ പോലും ആ സമയത്ത് കഴിഞ്ഞില്ലെന്ന് ശബരീഷ് അഭിമുഖങ്ങളില്‍ പറയുന്നു. അഭിനയിക്കുന്ന സമയത്തെല്ലാം ‘മലരേ...’ എന്ന പാട്ടിനെക്കുറിച്ചായിരിക്കും കക്ഷിയുടെ ചിന്ത.
 
‘നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന എവര്‍ഗ്രീന്‍ പ്രണയചിത്രത്തിലെ ‘പവിഴം പോല്‍...’ എന്ന ഗാനമാണ് ‘മലരേ...’ സൃഷ്ടിക്കാന്‍ ശബരീഷിന്‍റെ റെഫറന്‍സ്. വലിയ കടുകട്ടി വാക്കുകളൊന്നും ഉപയോഗിക്കരുതെന്നായിരുന്നു ഈ ഗാനം എഴുതുമ്പോള്‍ ശബരീഷിനുണ്ടായിരുന്ന ഏക നിര്‍ബന്ധം. 
 
‘മലരേ...’ ഒഴിച്ചുള്ള ഗാനങ്ങളെല്ലാം ശബരീഷ് തന്നെയാണ് പാടിയത്. എന്നാല്‍ ഈ ഗാനത്തിന് മറ്റൊരു ശബ്ദം വേണമെന്നുതോന്നി. അങ്ങനെയാണ് വിജയ് യേശുദാസ് വരുന്നത്. എന്തായാലും മലരേ ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ ഗാനമായി മാറുകയും അത് ജനം ഏറ്റെടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :