മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ രാപ്പകല്‍ സമരം

മൂന്നാര്‍| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (10:54 IST)
ചെറിയ ഇടവേളക്ക് ശേഷം മൂന്നാറില്‍ തോട്ടം സമരം ശക്തമാക്കാനൊരുങ്ങി പെമ്പിളൈ ഒരുമൈ‍. മൂന്നാര്‍: ശമ്പളവര്‍ധനയ്ക്കായി മൂന്നാറില്‍ രാപ്പകല്‍ സമരം നടത്തുമെന്നാണ് ഇവരുടെ
പ്രഖ്യാപനം. സംയുക്ത തൊഴിലാളി യൂണിയനുമായി ഒന്നിച്ചൊരു സമരത്തിന് തയ്യാറല്ലെന്നും പെമ്പിളൈ ഒരുമ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനായി രാവിലെ 10 മണിയോടെ മൂന്നാര്‍ പട്ടണത്തില്‍ സ്‌ത്രീ തൊഴിലാളികള്‍ സംഘടിച്ചെത്തി. എന്നാല്‍ മൂന്നാറിലെ കെഡിഎപ്പ്‌പിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കെഡിഎച്ച്പി ഓഫീസിന് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാലാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരമൊരു ഉത്തവുണ്ടെങ്കില്‍ അത് മാനിക്കാന്‍ തയ്യാറാണെന്നും പോലീസ് പറയുന്ന സ്ഥലത്ത് സമരം നടത്തുമെന്നും പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഈ ഉത്തരവ് കമ്പനിയുടെ മുന്നില്‍ തുടരുന്ന സംയുക്ത തൊഴിലാളി യൂണിയന്‍ സമരത്തിനും ബാധകമാണെന്നും ഇവരുടെ വാദം. തങ്ങള്‍ക്ക് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് മൂന്നാറിലെ പാലത്തിനുമുകളില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് നടത്തുകയാണ്.

അതേസമയം സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയെ തള്ളി സമരം ശക്തമാക്കാനുറച്ച് ട്രേഡ് യൂണിയനുകളും രംഗത്തുണ്ട്. രണ്ട് ദിവസമായി തുടരുന്ന പണിമുടക്ക് പൂര്‍ണ്ണമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രേഡ് യൂണിയനുകള്‍. മൂന്നാര്‍ പണിമുടക്കിന്റെ ആദ്യദിനത്തില്‍ 438 തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയപ്പോള്‍ രണ്ടാം ദിനത്തില്‍ എണ്ണം നേര്‍പകുതിയായി കുറഞ്ഞു. ഇത് ട്രേഡ് യൂണിയനുകളുടെ പ്രവര്‍ത്തന വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്. രാവിലെ തോട്ടങ്ങളിലേക്ക് വന്ന തമിഴ് തൊഴിലാളികളെ കുമളിയിലും വണ്ടന്‍മേട്ടിലും അതിര്‍ത്തിയില്‍ ചിലര്‍ തടഞ്ഞിരുന്നു.

ഒന്‍പത് ദിവസത്തെ സമരത്തിനൊടുവില്‍ 20 ശതമാനമെന്ന ആവശ്യം പെമ്പിള ഒരുമൈ നേടിയെടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ശമ്പള വര്‍ധനവ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമരം തുടരുകയാണ്. അതിനിടെ ശമ്പളവര്‍ദ്ധനവിനായി സമരത്തിനിറങ്ങാന്‍ സിഐടിയുവും തയ്യാറായിട്ടുണ്ട്. എല്ലാ ജില്ലകളിലും കുറഞ്ഞ കൂലി വാങ്ങുന്നവരുടെ കൂട്ടായ്മകള്‍ നടത്താന്‍ സിഐടിയു തീരുമാനിച്ചു. ആദ്യ കൂട്ടായ്മ വ്യാഴാഴ്ച വയനാട്ടില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :