സദാചാര പൊലീസിനെതിരേ മോഹന്‍‌ലാല്‍; സദാചാരം പറഞ്ഞ് നാം എന്താണ് കാട്ടിക്കൂട്ടുന്നത്?

Last Updated: വെള്ളി, 21 നവം‌ബര്‍ 2014 (14:57 IST)
കേരളത്തിലെ സദാചാര പൊലീസിനെതിരേ മോഹന്‍ലാല്‍. സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികള്‍ കാട്ടിക്കൂട്ടുന്നതെന്ന് ലാല്‍ ചോദിക്കുന്നു. സദാചാരത്തിന്റെ പുകയും പൂക്കളും എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് സദാചാര പൊലീസിനെതിരേ ലാല്‍ കടുത്ത വിമര്‍ശനമുന്നയിക്കുന്നത്.

റസ്റ്റോറന്റുകള്‍ തല്ലിതകര്‍ക്കുന്നു. ആളുകളെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുന്നു. കാമുകീ കാമുകന്മാര്‍ക്കെതിരേ ക്വട്ടേഷന്‍ സംഘത്തെ അയക്കുന്നു. ഇങ്ങനെ ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്ത് രീതിയില്‍ നമ്മള്‍ സദാചാരപ്പൊലീസാവുന്നത് എത്രമാത്രം ലജ്ജാകരമാണെന്നും ലാല്‍ ചോദിക്കുന്നു.

ബാംഗ്ലൂരിലോ മറ്റേതെങ്കിലും ഇന്ത്യന്‍ മെട്രോകളിലോ ചുംബനത്തിന് വേണ്ടി സമരം നടക്കുമെന്ന് തോന്നുന്നില്ല. ആണ്‍-പെണ്‍ സൌഹൃദങ്ങളെ സമീപിക്കുന്നതില്‍ നാം ഇപ്പോഴും ഏറെ പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണെന്നും ലേഖനം പറയുന്നു. സ്ത്രീക്കും പുരുഷനുമിടയില്‍ സൌഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ- പുത്രഭാവം, ശരീരബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ട്. ഈ തലങ്ങളൊന്നും മലയാളിക്കറിയ്കയേ ഇല്ല. എന്നാല്‍ സെക്സിന്റെ സുന്ദരമായ തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസുകാരിയേയും അമ്മയോളം പ്രായമുള്ളവരേയും പീഡിപ്പിക്കുന്നതാണ് നമ്മുടെ സെക്സ്. വിചിത്രമായ ഒരവസ്ഥയിലാണ് മലയാളി ചെന്ന് പെട്ടിരിക്കുന്നതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നു.

സദാചാരം എന്നത് ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട് കാര്യമല്ല. പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍‌മുമ്പില്‍ വെച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത എന്നു പറഞ്ഞു കൊണ്ടാണ് ലാല്‍ ലേഖനം അവസാനിപ്പിക്കുന്നത്.


മോഹന്‍ലാ‍ലിന്റെ ബ്ലോഗ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
സദാചാരത്തിന്റെ പുകയും പൂക്കളും


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :