'യാന്‍' മോഷണം: രവി കെ ചന്ദ്രനെതിരെ നിര്‍മ്മാതാവ്

യാന്‍, ജീവ, മണിരത്നം, ഗൌതം മേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (19:19 IST)
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത 'യാന്‍' എന്ന തമിഴ് ചിത്രം വിവാദക്കുരുക്കില്‍. ചിത്രം 'മിഡ്‌നൈറ്റ് എക്സ്പ്രസ്' എന്ന ഹോളിവുഡ് സിനിമയുടെ കോപ്പിയാണെന്നാണ് ആരോപണം. കൌതുകകരമായ സംഗതി, രവി കെ ചന്ദ്രനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത് 'യാന്‍' നിര്‍മ്മിച്ച എല്‍‌റഡ് കുമാര്‍ ആണ് എന്നതാണ്.

"മിഡ്‌നൈറ്റ് എക്സ്പ്രസിലെ സീനുകളും ഡയലോഗുകളും എന്തിന് ക്യാമറാ ആംഗിളുകള്‍ പോലും അതേപടി യാനില്‍ കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ കഥയൊരുക്കിയതെന്നാണ് രവി കെ ചന്ദ്രന്‍ പറഞ്ഞത്. തിരക്കഥ താന്‍ വളരെ മുമ്പ് എഴുതിയതാണെന്നും റൈറ്റേഴ്സ് അസോസിയേഷനില്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രവി പറഞ്ഞു. അമിതാഭ് ബച്ചനെപ്പോലെയുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം വരെ വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ് രവി കെ ചന്ദ്രന്‍. സംശയിക്കേണ്ട യാതൊരു സാഹചര്യവും അപ്പോള്‍ ഇല്ലായിരുന്നു" - എല്‍‌റഡ് കുമാര്‍ പറയുന്നു.

മിഡ്‌നൈറ്റ് എക്സ്പ്രസിന്‍റെ നിര്‍മ്മാതാക്കളോ ആ ചിത്രത്തിന് ആധാരമായ പുസ്തകം എഴുതിയ ബില്‍ ഹയേസോ തങ്ങളുടെ നിര്‍മ്മാണക്കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള സാധ്യതയും എല്‍‌റഡ് കുമാര്‍ തള്ളിക്കളയുന്നില്ല.

"യാന്‍ എന്ന സിനിമ ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഏറെ സാമ്പത്തികനഷ്ടം വരുത്തിവച്ചിട്ടുണ്ട്. ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ഏതെങ്കിലും രീതിയില്‍ നിയമനടപടിക്ക് മുതിര്‍ന്നാല്‍ അതില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വയം രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണ്. ഇക്കാര്യത്തില്‍ തമിഴ് സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സിലിനെയും ഞങ്ങള്‍ സമീപിച്ചിട്ടുണ്ട്" - എല്‍‌റഡ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

"ഞാന്‍ മിഡ്‌നൈറ്റ് എക്സ്പ്രസ് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ ആരോപണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ഈ നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇതാദ്യമല്ല"- രവി കെ ചന്ദ്രന്‍ പ്രതികരിച്ചു.

ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത യാനില്‍ ജീവയും തുളസി നായരുമാണ് ജോഡി. ചിത്രം കനത്ത പരാജയമായിരുന്നു. 13 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കാമെന്ന് വാക്കുനല്‍കിയ യാന്‍ തീര്‍ന്നപ്പോള്‍ 33 കോടി ചെലവായെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :