Last Modified ബുധന്‍, 30 ജൂലൈ 2014 (09:02 IST)
എംഎല്‍എ ഹോസ്റ്റല്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ തീരുമാനിക്കാന്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം പങ്കെടുക്കുന്ന യോഗം, സ്പീക്കറുടെ ചേംബറിലാണ് ചേരുന്നത്.
എംഎല്‍എ ഹോസ്റ്റലില്‍ മുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തണമെങ്കില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയെന്നതാണ് കീഴ്വഴക്കം. മുന്‍ എംഎല്‍എമാര്‍ക്ക് ഒഴിച്ചിട്ടിരിക്കുന്ന മുറിയില്‍ കൊച്ചി ബ്ളാക് മെയിലിംഗ് പെണ്‍വാണിഭകേസിലെ പ്രതി ഒളിവില്‍ താമസിച്ച സംഭവത്തെതുടര്‍ന്നാണ് അടിയന്തരസര്‍വകക്ഷിയോഗം.
മുന്‍ എംഎല്‍എമാര്‍ക്ക് മുറി അനുവദിക്കുന്നതിന്റെ മാനദണ്ഡം യോഗത്തില്‍ ചര്‍ച്ചചെയ്യും. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയ പല സന്ദര്‍ഭങ്ങളിലും ഇടത്-വലത് ഭേദമില്ലാതെ എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എല്ലാ കക്ഷികളുടെയും സഹകരണം ഉറപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ക്രിമിനല്‍കേസ് പ്രതികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഒളിച്ചുതാമസിച്ച സാഹചര്യവും പല മുന്‍ എംഎല്‍എമാരും മുറികള്‍ മാസങ്ങളോളം നിയമവിരുദ്ധമായി ഉപയോഗിച്ചതും ചര്‍ച്ചയാകും.